hen

പത്തനാപുരം: കൊറോണ വൈറസിനൊപ്പം ചിലയിടങ്ങളിൽ പക്ഷിപ്പനിയും സ്ഥിരീകരിച്ചതോടെ ഇറച്ചിക്കോഴി കർഷകരും കച്ചവടക്കാരും ദുരിതത്തിന് നടുവിൽ. പല ഫാമുകളിലും വളർച്ചയെത്തിയ കോഴികൾ ഉണ്ടെങ്കിലും അവയെ വാങ്ങുന്നതിന് മൊത്തക്കച്ചവടക്കാർ എത്താത്തതാണ് കർഷകരെ വലയ്ക്കുന്നത്. എന്നാൽ പക്ഷിപ്പനിപ്പേടിയിൽ ആവശ്യക്കാർ കുറഞ്ഞതാണ് കച്ചവടക്കാരെ ഇറച്ചി വ്യവസായത്തിൽ നിന്ന് പിന്നോട്ടടിക്കുന്നത്.

തെക്കൻ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇറച്ചിക്കോഴിയുടെ ഉപഭോഗം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. പല ഫാമുകളിലും കോഴികൾ കെട്ടിക്കിടക്കുകയാണ്. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. നിലവിൽ കിലോയ്ക്ക് 50 രൂപയിലും താഴെയാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ഇറച്ചിക്കോഴിയുടെ വില. എന്നിട്ടുപോലും കച്ചവടം നടക്കുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

ഇതോടെ ലോണെടുത്ത് ഫാമുകൾ ആരംഭിച്ച കർഷകരാണ് അത്മഹത്യയുടെ വക്കിലായത്. ഒരു മാസം മുമ്പ് കിലോയ്ക്ക് 100 രൂപയോളം നൽകി കോഴികൾ വാങ്ങുന്നതിന് മൊത്തക്കച്ചവടക്കാർ എത്തിയിരുന്നു. എന്നാൽ ഇന്ന് അത് കിലോയ്ക്ക് 20 രൂപയിലും താഴെയാണ്. പല കർഷകരും തമിഴ്നാട്ടിൽ നിന്നാണ് ഇറച്ചിക്കോഴികളെ ഫാമുകളിൽ എത്തിച്ചിരുന്നത്. ഇത്തരത്തിൽ എത്തിക്കുന്ന കുഞ്ഞുങ്ങളെ ഇറച്ചിക്കായി വിൽപ്പന നടത്താൻ ഭീമമായ തുകയാണ് ചെലവാക്കേണ്ടി വരുന്നത്. മൂന്ന് കിലോ തൂക്കം വരുന്ന ഒരു കോഴിക്ക് ശരാശരി 150 രൂപവരെ ചെലവ് വരുമെന്നാണ് കർഷകർ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ മുടക്കുമുതൽ പോലും ലഭിക്കാറില്ല.

കൊറോണ ഭീഷണിയും തിരിച്ചടി

കടുത്ത ചൂടിനും പക്ഷി പനി ബാധയ്ക്കും പുറമേ കൊറോണ ഭീഷണിയും ഇറച്ചിക്കോഴി വ്യവസായത്തിന് തിരിച്ചടിയാണ്. ഹോട്ടൽ, കാറ്ററിംഗ് നടത്തിപ്പുകാർ ഇറച്ചി വാങ്ങുന്നില്ല. കല്യാണങ്ങൾ ഉൾപ്പടെയുള്ള ചടങ്ങുകളും പലരും ഒഴിവാക്കുകയാണ്. ഇതിനോടൊപ്പം ഗാർഹിക ഉപഭോക്താക്കളും ഇറച്ചി ഉപയോഗത്തിൽ നിന്ന് പിന്തിരിഞ്ഞതാണ് വ്യവസായം തകരാൻ കാരണം. മുമ്പ് നൂറുകണക്കിന് ലോഡ് ഇറച്ചിക്കോഴി അതിർത്തികടന്ന് കേരളത്തിലേക്ക് എത്തിയരുന്നെങ്കിൽ ഇന്ന് അത് വിരലിലെണ്ണാവുന്ന ലോഡുകളായി ചുരുങ്ങി.