കൊല്ലം: അവശരും നിരാശ്രയരുമായ തൊഴിലാളികൾക്ക് മുന്നിൽ കൊറോണയുടെ പേരിൽ വാതിലടച്ച് കൊല്ലത്തെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ മേഖലാ കാര്യാലയം. വിവിധ ആവശ്യങ്ങൾക്ക് വരുന്നവർ ഓഫീസിന് മുന്നിലെ പെട്ടിയിൽ അപേക്ഷകളും പരാതികളും നിക്ഷേപിച്ച് മടങ്ങി പോകണമെന്ന് നോട്ടീസ് പതിപ്പിച്ചു.
ഇതൊന്നുമറിയാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അവശരായ കശുഅണ്ടി തൊഴിലാളികൾ ഉൾപ്പെടെ നൂറ് കണക്കിനാളുകളാണ് ഇവിടെ എത്തുന്നത്. ഇവരാരും അകത്തേക്ക് കയാറാതിരിക്കാൻ ഓഫീസിലെ പ്രവേശന ഗ്രില്ല് പൂട്ടിയ ശേഷമാണ് ഉദ്യോഗസ്ഥർ അകത്ത് ജോലി ചെയ്യുന്നത്. ആരെങ്കിലും അകത്ത് നിന്ന് വരുന്നതും കാത്ത് കൈയിലൊരു കെട്ട് പേപ്പറുകളുമായി ഗ്രില്ലിന് മുന്നിൽ കാത്ത് നിൽക്കുന്ന തൊഴിലാളികളെ കണ്ടിട്ടും പ്രൊവിഡന്റ് ഫണ്ട് അധികാരികളുടെ മനസ് അലിഞ്ഞില്ല.
കൊറോണയേക്കാൾ ജീവിത ദുരിതങ്ങൾക്ക് പ്രാധാന്യം നൽകുന്ന തൊഴിലാളികൾ അകത്ത് നിന്ന് ഉദ്യോഗസ്ഥർ വരുമെന്ന പ്രതീക്ഷയിൽ മണിക്കൂറുകളോളമാണ് പുറത്ത് കാത്തിരിക്കുന്നത്. കൊറോണ മാറും വരെ ഓഫീസിനുള്ളിൽ ഒരാളെയും കയറ്റില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. കൊല്ലത്ത് മാത്രമല്ല പ്രൊവിഡന്റ് ഫണ്ടിന്റെ എല്ലാ ഓഫീസുകളിലും ഇതേ സ്ഥിതിയാണ് പിന്തുടരുന്നതെന്നും ഇവർ പറഞ്ഞു.