അഞ്ചാലുംമൂട് : കടവൂർ - നീരാവിൽ റോഡിൽ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ദിശാസൂചക ബോർഡ് യാത്രക്കാരെ വലയ്ക്കുന്നു. കടവൂരിന് സമീപം ബൈപാസിൽ നിന്ന് നീരാവിൽ ഭാഗത്തേക്കുള്ള റോഡിലാണ് തെറ്റായ ദിശാസൂചക ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ബോർഡിൽ കാണിച്ചിരിക്കുന്നത് പ്രകാരം ഇടത്തേക്ക് പോയാൽ കടവൂരും നേരേ പോയാൽ അഞ്ചാലുംമൂടുമാണ്. എന്നാൽ ഇടത്തേക്ക് റോഡില്ലെന്ന് മാത്രമല്ല കടവൂരിലേക്ക് പോകേണ്ടത് നേരെ എതിർ ഭാഗത്തേക്കുമാണ്. അതുപോലെ നേരേ പോയാൽ എത്തുന്നത് നീരാവിൽ, കുരീപ്പുഴ ഭാഗത്താണ്. അഞ്ചാലുംമൂട്ടിലേക്ക് പോകണമെങ്കിൽ ബൈപാസിൽ നിന്ന് ഈ റോഡിലേക്ക് കയറേണ്ട ആവശ്യമില്ല.
ഭാഷ അറിയാത്ത ഇതര സംസ്ഥാന തൊഴിലാളികളെ ദിശാസൂചക ബോർഡ് സ്ഥാപിക്കുന്ന ജോലിക്കായി നിറുത്തുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു. ബോർഡുകൾ സ്ഥാപിക്കുമ്പോൾ കൃത്യമായ നിരീക്ഷണമോ പരിശോധനയോ പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറില്ലെന്ന പരാതി വ്യാപകമാണ്.