പത്തനാപുരം: വേനൽ കടുത്ത് കിണറുകൾ വറ്റിയതോടെ മലയോര മേഖല കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. വനവാസികളടക്കം ആയിരങ്ങൾ തിങ്ങിപ്പാർക്കുന്ന ചെമ്പനരുവിയിലാണ് കുടിവെള്ള ക്ഷാമം അതിരൂക്ഷമായത്.
അച്ചൻകോവിലാറിന്റെ തീരത്ത് കുളം കുഴിച്ചാണ് മിക്കവരും ദാഹമകറ്റുന്നത്.
പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ മലയോര വാർഡുകളിലെല്ലാം ഇതുതന്നെയാണ് അവസ്ഥ.
മിക്ക കിണറുകളും വറ്റിവരണ്ടു കഴിഞ്ഞു. വനത്തിനുള്ളിലെ നീരുറവകൾ വറ്റിയതോടെ വെള്ളം തേടി നാട്ടിലിറങ്ങുന്ന കാട്ടുമ്യഗങ്ങളുടെ ശല്ല്യവും ജനങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്. കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോഴും യാതൊരു നടപടിയും സ്വീകരിക്കാൻ പിറവന്തൂർ പഞ്ചായത്തോ ട്രൈബൽ വകുപ്പോ ഇതുവരെ തയ്യാറായിട്ടില്ലെന്നും പരാതിയുണ്ട്. ചെരിപ്പിട്ടക്കാവ് ഗിരിജൻ കോളനിയിലെ താമസക്കാർ കിലോമീറ്ററുകളോളം സഞ്ചരിച്ച് തലച്ചുമടായാണ് വെള്ളം കൊണ്ടു വരുന്നത്.
കുടിവെള്ളത്തിന്റെ കാര്യം പറയുമ്പോൾ 'കൊറോണ' വൈറസിന്റെ കാര്യം പറഞ്ഞ് പഞ്ചായത്ത് അധികൃതർ ഒഴിഞ്ഞു മാറുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ടാങ്കറുകളിൽ ജലമെത്തിച്ച് വനവാസി ഊരുകളിലേതടക്കം കുടിവെള്ള ക്ഷാമം പരിഹരിക്കൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.