കൊല്ലം: കാഷ്യു കോർപറേഷന്റെ ഫാക്‌ടറികൾ വഴി തോട്ടണ്ടി സംഭരിക്കാൻ കാഷ്യു ഡെവലപ്പ്മെന്റ് കോർപറേഷൻ തീരുമാനിച്ചു. 101 രൂപയാണ് കിലോയ്ക്ക് നൽകുക. കണ്ണൂർ, തൃശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ആദ്യഘട്ട സംഭരണം. മാർച്ച് 23 മുതൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും സംഭരണം നടത്തുക.
ഇടനിലക്കാരെ ഒഴിവാക്കി കർഷകന് മാന്യമായ വില നൽകാനും കോർപറേഷന് കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകുന്നതിനുമാണ് ഫാക്‌ടറി വഴി സംഭരണം ആരംഭിക്കുന്നത്. തോട്ടണ്ടി സംഭരിച്ച് കോർപറേഷനെ ഏൽപ്പിക്കാൻ ആഗ്രഹിക്കുന്ന സഹകരണ സംഘങ്ങൾക്കും ബന്ധപ്പെടാവുന്നതാണെന്ന് ചെയർമാൻ എസ്.ജയമോഹൻ അറിയിച്ചു.