photo
കുടിവെള്ളം ശേഖരിക്കാനായി വീടുകൾക്ക് മുന്നിൽ പത്രങ്ങൾ നിരത്തി വച്ചിരിക്കുന്ന പാത്രങ്ങൾ

കുണ്ടറ: കൊറ്റങ്കര ഗ്രാമ പഞ്ചായത്തിൽ ചാത്തൻപറ, അത്താമുക്ക്,​ മുമ്പിലഴികം ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ചാത്തൻപറ ഭാഗത്ത്‌ കുടിവെള്ള പൈപ്പുണ്ടെങ്കിലും വെള്ളം എത്തിയിട്ട് ഒരു മാസം പിന്നിടുന്നു. പഞ്ചായത്തിൽ നിന്ന് കുടിവെള്ള വിതരണം നടക്കുന്നുണ്ടെങ്കിലും ചാത്തൻപറ കന്യാകുഴി റോഡിൽ കുടിവെള്ളം എത്തിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അത്താമുക്ക്,​ മുമ്പിലഴികം ഭാഗങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന പ്രദേശത്ത് 100ൽ അധികം കുടുംബങ്ങളാണുള്ളത്. ഇവർ കുടിവെള്ളം വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്‌. 1000 ലിറ്റർ കുടിവെള്ളത്തിന് 500 രൂപ വരെയാണ് ഇവർ നൽകേണ്ടത്. പഞ്ചായത്തിലെ കുടിവെള്ള പദ്ധതികളിൽ പലതും നിർജ്ജീവമാണ്. അടിയന്തരമായി കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പൈപ്പ് ലൈനിൽ കുടിവെള്ളം എത്തിയിട്ട് ഒരു മസത്തിലേറെ ആയി. പ്രദേശവാസികൾ പണം കൊടുത്ത് കുടിവെള്ളം വാങ്ങേണ്ട അവസ്ഥയിലാണ്.

അബ്ദുൾ വാഹിദ് (പ്രദേശ വാസി)

 പതിറ്റാണ്ടുകൾക്ക് മുൻപുള്ള കുടിവെള്ള പദ്ധതികളാണ് കൊറ്റങ്കര പഞ്ചായത്തിൽ നിലവിലുള്ളത്. കൃത്യ സമയത്ത് അറ്റകുറ്റപ്പണി നടത്താത്തതിനാൽ കുടിവെള്ള പദ്ധതികളിൽ പലതും നിർജ്ജീവമാണ്. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്.

വിനോദ് കാമ്പിയിൽ (പൊതുപ്രവർത്തകൻ)