ഭക്ഷണശാലകളിലെ കൊറോണക്കൊള്ള
കൊല്ലം: കൊറോണക്കാലത്ത് സർക്കാർ സംവിധാനങ്ങളെല്ലാം പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരിക്കേ ഭക്ഷണശാലകളിൽ നടക്കുന്നത് തീവെട്ടിക്കൊള്ള. ഏഴ് കിലോ തണ്ണിമത്തന് ഇന്നലത്തെ വിപണി വില 100 രൂപയാണെന്നിരിക്കേ ഒരു തണ്ണിമത്തൻ ജ്യൂസിന് നഗരത്തിലെ പല കടകളും ഈടാക്കുന്നത് 30 രൂപയാണ്.
തീ വിലയാണ് തണ്ണിമത്തൻ ജ്യൂസിന് ഈടാക്കുന്നതെന്ന് ഉപഭോക്താക്കളിൽ പലരും പല തവണ പരാതി പറഞ്ഞെങ്കിലും വില കുറയ്‌ക്കാൻ കച്ചവർക്കാർ തയ്യാറായില്ല. ചൂടുകാലം ആയതിനാൽ പൊതുവേ ജ്യൂസിന് വിപണിയിൽ വിലക്കയറ്റമാണ്.
ചിക്കൻ വിഭവങ്ങൾക്കും വിലക്കുറവില്ല
പക്ഷിപ്പനിയെ തുടർന്ന് ചരിത്രത്തിലെ എക്കാലത്തെയും വലിയ വിലയിടിവ് ഇറച്ചിക്കോഴികൾക്ക് ഉണ്ടായപ്പോഴും ഇറച്ചിക്കോഴി വിഭവങ്ങൾക്ക് ഭക്ഷണശാലകളിൽ ഒരു വിലക്കുറവുമില്ല.
സർക്കാർ സംവിധാനങ്ങളെല്ലാം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ വിപണിയിൽ നടക്കുന്ന തീവെട്ടിക്കൊള്ള ശ്രദ്ധിക്കപ്പെടാതെ പോവുകയാണെന്ന് ഉപഭോക്താക്കൾ പറയുന്നു.
ഓറഞ്ച് ജ്യൂസിന് 40
സോഡാ നാരങ്ങ വെള്ളം 25
മൂന്ന് കിലോയിലേറെ ഓറഞ്ച് 100 രൂപയ്‌ക്ക് ലഭിക്കുമെങ്കിലും ഓറഞ്ച് ജ്യൂസിന് വില 40 മുതൽ 50 വരെയാണ്. സോഡാ നാരങ്ങാവെള്ളത്തിനും സമാന തരത്തിൽ ക്ഷീണം ഇരട്ടിപ്പിക്കുന്ന വിലയാണ്. 20 മുതൽ 25 രൂപ വരെയാണ് സോഡാ നാരങ്ങ വെള്ളത്തിന് കച്ചവടക്കാർ ഈടാക്കുന്നത്.
കുപ്പിവെള്ളം
ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില സർക്കാർ 13 രൂപയാക്കി കുറച്ചെങ്കിലും വിപണിയിൽ അത് പ്രതിഫലിക്കുന്നില്ല. കഴിഞ്ഞ ദിവസവും 20 രൂപയ്ക്കാണ് നഗരത്തിലെ പലയിടങ്ങളിലും കുപ്പിവെള്ളം വിറ്റത്. കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി സർക്കാർ കുറച്ചല്ലോ എന്ന് പറഞ്ഞവരോട് വെള്ളം സർക്കാരിൽ നിന്ന് വാങ്ങിക്കോളാനായിരുന്നു മറുപടി.