കൊല്ലം: സാമ്പത്തിക വർഷം അവസാനിക്കാൻ ഇന്നുൾപ്പടെ 12 ദിവസം മാത്രം ബാക്കി നിൽക്കേ നഗരസഭ ചെലവിടാനുള്ളത് 42 കോടി രൂപ. കഴിഞ്ഞ രണ്ട് വർഷത്തിൽ വാർഷിക പദ്ധതി നൂറ് ശതമാനവും പൂർത്തിയാക്കി മാതൃകയായ കോർപ്പറേഷനാണ് ഇപ്പോൾ കോടികൾ പാഴാകുന്ന അവസ്ഥയിലെത്തി നിൽക്കുന്നത്.
ട്രഷറി സ്തംഭനവുമായി ബന്ധപ്പെട്ട് കരാറുകാരുടെ ടെണ്ടർ ബഹിഷ്കരണം പദ്ധതി നിർവഹണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. രണ്ട് ദിവസം മുൻപ് കരാറുകാർ സമരം പിൻവലിച്ചെങ്കിലും ഇത് പദ്ധതി പ്രവർത്തനത്തിൽ കാര്യമായി പ്രതിഫലിക്കില്ല. ടെണ്ടർ ചെയ്ത പദ്ധതികൾ കരാറുകാർ ആരംഭിക്കാത്തതും നഗരസഭയെ പ്രതിസന്ധിയിലാക്കുകയാണ്.
ആകെ പദ്ധതി തുക: 113.74 കോടി
ഇതുവരെ ചെലവിട്ടത്.71.74 കോടി
ഇനി ചെലവിടാനുള്ളത്: 42 കോടി
പദ്ധതി നിർവഹണം കീഴോട്ട്
2017-18: 100%
2018-19: 79 %
ഈ വർഷം ഇതുവരെ: 43.95 (ബിൽ മാറാത്തത് ഒഴികെ)
ട്രഷറിയിൽ കുടുങ്ങി 21 കോടി
നഗരസഭയുടെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് 21 കോടിയുടെ ബില്ലുകൾ മാറാതെ ട്രഷറിയിൽ തന്നെ കെട്ടിക്കിടക്കുകയാണ്. നേരത്തേ പൂർത്തിയാക്കിയ പദ്ധതികളുടെ പണം ട്രഷറിയിൽ നിന്നും കിട്ടാത്തതിനാലാണ് പല കരാറുകാരും പുതിയ പദ്ധതികൾ ആരംഭിക്കാത്തത്.
മന്ത്രിയുടെ നിർദ്ദേശം
സാമ്പത്തിക വർഷത്തിന്റെ അവസാന ദിനങ്ങളിൽ ബില്ലുകൾ കൂട്ടത്തോടെ ട്രഷറിയിൽ എത്തുന്നത് ഒഴിവാക്കാൻ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കവേ തന്നെ പാർട്ട് ബില്ലുകൾ നൽകണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കാര്യമായി ഒന്നും നടന്നിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.