കൊല്ലം: മയ്യനാട് ഗ്രാമ പഞ്ചായത്തിന്റെ 2020-21 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. 50 കോടി 77.5 ലക്ഷം രൂപ വരവും 50 കോടി 18.5 ലക്ഷം രൂപ ചെലവും 59 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് എസ്. സിന്ധു അവതരിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലെസ്ലി ജോർജ്, ഉമേഷ്, ബിന്ദു, സെക്രട്ടറി സജീവ് മാമ്പറ, മെമ്പർമാരായ ഷീലാകുമാരി, ലൈല, നാസർ, ഉദയകുമാർ, വിപിൻ വിക്രം എന്നിവർ സംസാരിച്ചു. കാർഷിക മേഖലയ്ക്കും ലൈഫ് പദ്ധതിക്കും ബഡ്ജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്. സമഗ്ര നെൽക്കൃഷി വികസനത്തിനും(പൊലിവ്) ഇടവിളക്കൃഷിക്കും കേരഗ്രാമം പദ്ധതിക്കും പച്ചക്കറി വിപണന കേന്ദ്രത്തിനും ഫണ്ട് വകയിരുത്തി. ക്ഷീര വികസന പദ്ധതികൾക്കും മയ്യനാട് വെറ്ററിനറി ആശുപത്രിയിലെ അറ്റകുറ്റപ്പണിക്കും ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്കും കുടുംബശ്രീ ജനകീയ ഹോട്ടലിനും ബി.പി.എൽ ഗുണഭോക്താക്കൾക്കും പട്ടികജാതിക്കാർക്കുമുള്ള ഗാർഹിക കണക്ഷനും തുക വകയിരുത്തി. ഗവ. ഐ.ടി.ഐ കെട്ടിട നിർമ്മാണത്തിന് വസ്തു വാങ്ങാനും മയ്യനാട് ഗേൾസ് ചൈൽഡ് ഹോമിന്റെയും ബഡ്സ് സ്പെഷ്യൽ സ്കൂളിന്റെയും കെട്ടിട നിർമ്മാണത്തിനും ബഡ്ജറ്റിൽ പണം വകയിരുത്തി.