കരുനാഗപ്പള്ളി: കോറോണ ഭീഷണി വർദ്ധിച്ചതോടെ കരുനാഗപ്പള്ളി നിച്ഛലമാകുന്നു. ടൗണിലേക്കുള്ള ജനങ്ങളുടെ വരവ് നിലച്ചതോടെ വ്യാപാര മേഖലയിൽ വൻ മാന്ദ്യമാണ് അനുഭവപ്പെടുന്നത്. ടൗണിൽ 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന പ്രധാന ഹോട്ടലുകളിൽ പലതിനും താഴ് വീണു. പാകം ചെയ്യുന്ന ഭക്ഷണ സാധനങ്ങൾ കഴിക്കാൻ ആളുകൾ വരാതായതോടെയാണ് ഹോട്ടലുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചത്. ഈ നില തുടർന്നാൽ ടൗണിലെ കടകൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിലാണ് വ്യാപാരികൾ. താലൂക്ക് ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ തുടങ്ങി പ്രധാനപ്പെട്ട എല്ലാ സ്ഥാപനങ്ങളിലും ജനങ്ങളുടെ തിരക്ക് ഇല്ലാതായി. ടൗണിൽ പ്രവർത്തിക്കുന്ന മാളുകൾ, സ്വർണ്ണക്കടകൾ, വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയിലെല്ലാം തിരക്കൊഴിഞ്ഞു.
കച്ചവടം നിലച്ചതോടെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാരെ പിരിച്ചയക്കാൻ തുടങ്ങി. ചില സ്ഥാപനങ്ങളിൽ തൊഴിലാളികളോട് ഒന്നിടവിട്ട ദിവസങ്ങളിൽ വരാൻ പറഞ്ഞിരിക്കുകയാണ്. വരുമാനം കുറഞ്ഞതോടെ തൊഴിലാളികൾക്ക് ശമ്പളം നൽകാൻ കഴിയാതെ സ്വകാര്യ സ്ഥാപന ഉടമകൾ ബുദ്ധിമുട്ടുകയാണ്. എപ്പോഴും സജീവമായിരുന്ന കരുനാഗപ്പള്ളി മാർക്കറ്റ് നിർജീവമായി. ടാക്സികൾക്കും ഓട്ടോറിക്ഷകൾക്കും സർവീസ് ലഭിക്കാത്ത അവസ്ഥയിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും, കോച്ചിംഗ് സെന്ററുകളും പൂർണ്ണമായും അടച്ചതോടെ സ്വകാര്യ ബസ് സർവീസുകളും പ്രതിസന്ധിയിലായി. ഗ്രാമ പ്രദേശങ്ങളിലുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളെ പോലും കോറോണ ഭീതി വെറുതേ വിടുന്നില്ല.
യുവജന സംഘടനകളുടെ നേതൃത്വത്തിൽ ടൗണിലും ഗ്രാമപ്രദേശങ്ങളും കോറോണയ്ക്കെതിരെയുള്ള ബോധവത്കരണ കാമ്പയിനുകൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ഭീതി പൂണമായും അകറ്റാൻ ഇനിയും കഴിഞ്ഞിട്ടില്ല. ക്ഷേത്രങ്ങളിളും മറ്റ് ആരാധാനാലയങ്ങളും എത്തുന്ന ഭക്തരുടെ എണ്ണവും ക്രമാതീതമായി കുറഞ്ഞുതുടങ്ങി. സർക്കാരിന്റെ ബ്രേക്ക് ദി ചെയിൻ കാമ്പയിനിന്റെ ഭാഗമായി ടൗണിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രാമ പ്രദേശങ്ങളിലെ പ്രധാന കവലകളിലും കൈകഴുകൽ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.