s

കടയ്ക്കൽ: ജില്ലയിലെ മോഡൽ വില്ലേജ് ലൈബ്രറിയായ ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക വായനശാലയ്ക്ക് വീണ്ടും സംസ്ഥാന അംഗീകാരം. പിന്നാക്ക പ്രദേശത്ത് മികച്ച പ്രവർത്തനം നടത്തുന്ന ഗ്രന്ഥശാലയ്ക്കുള്ള കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ 2019ലെ എൻ.ഇ. ബലറാം പുരസ്കാരമാണ് ഇക്കുറി ഗ്രന്ഥശാലയെ തേടിയെത്തിയത്. പതിനയ്യായിരം രൂപ വിലയുള്ള പുസ്തകങ്ങളും ഫലകവും പ്രശസ്തിപത്രവും അടങ്ങിയ അവാർഡ് കോഴിക്കോട് പൂർണ്ണ പബ്ലിക്കേഷൻസാണ് ഏർപ്പെടുത്തിയത്.

നാലാം തവണയാണ് സംസ്ഥാന ലൈബ്രറി കൗൺസിൽ പുരസ്കാരം സന്മാർഗ്ഗദായിനിയെ തേടിയെത്തുന്നത്. ഇ.എം.എസ് പുരസ്കാരം (2002), സമാധാനം പരമേശ്വരൻ പുരസ്കാരം (2011), ഡി.സി പുരസ്കാരം (2017) എന്നീ അവാർഡുകളാണ് മുമ്പ് ലഭിച്ചിട്ടുള്ളത്. കൂടാതെ സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡ് ,മികച്ച ഗ്രന്ഥശാലയ്ക്കുള്ള ജില്ല -താലൂക്ക് ലൈബ്രറി കൗൺസിൽ അവാർഡുകൾ, പ്രഭാത് ബുക്ക് ഹൗസ് അവാർഡ് തുടങ്ങി പത്തിലധികം അവാഡുകളും ലഭിച്ചിട്ടുണ്ട്.

വിവിധ സന്നദ്ധ സേവന പ്രവർത്തനങ്ങൾ, തൊഴിൽ പരിശീലന പരിപാടികൾ, വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെയുള്ള കാർഷിക വികസന പരിപാടികൾ, കായിക- കലാമേളകളും പരിശീലനങ്ങളും, വിദ്യാഭ്യാസ രംഗത്തും സ്ത്രീ ശാക്തീകരണ രംഗത്തും നടത്തി വരുന്ന വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് ഗ്രന്ഥശാലയെ വേറിട്ട് നിറുത്തുന്നതെന്ന് പ്രസിഡന്റ് എസ്. സുകുമാരൻ, ആക്ടിംഗ് പ്രസിഡന്റ് ജെ.സി. അനിൽ, സെക്രട്ടറി ജി.എസ്. പ്രിജിലാൽ എന്നിവർ അറിയിച്ചു.