കൊല്ലം: ലോകവ്യാപകമായി പടർന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത 'ബ്രേക്ക് ദ ചെയിൻ'കാമ്പയിൻ ഏറ്റെടുത്ത് കേരള എൻ.ജി.ഒ യൂണിയൻ മാതൃകയായി. ബ്രേക്ക് ദ ചെയിന്റെ ഭാഗമായ 'കൈ വിടാതിരിക്കാം, കൈ കഴുകൂ' എന്ന മുദ്രാവാക്യം ഏറ്റെടുത്ത് കൊല്ലം കളക്ടറേറ്റിലും പരിസരത്തുമായി സ്ഥിതി ചെയ്യുന്ന എല്ലാ ഓഫീസുകളിലും ഹാൻഡ് സാനിറ്റൈസറുകൾ വിതരണം ചെയ്തു. ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ വിതരണോദ്ഘാടനം നിർവഹിച്ചു. കേരള എൻ.ജി.ഒ യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാൻഡ് സാനിറ്റൈസറുകൾ വിതരണം ചെയ്തതിനു പുറമേ സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കും പൊതു ജനങ്ങൾക്കുമായി എല്ലാ ഗേറ്റിന് സമീപത്തും വാഷിംഗ് സോണുകളും ക്രമീകരിച്ചു. സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസുകളിലും കൊറോണ ബോധവത്കരണ പോസ്റ്ററുകൾ പതിച്ചു. തുടർന്ന് ബോധവത്കരണ കാമ്പയിനുകൾ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബി. അനിൽ കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ഓമനകുട്ടൻ, സി.എസ്. ശ്രീകുമാർ, ജില്ലാ സെക്രട്ടറി സി. ഗാഥ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജെ. രതീഷ് കുമാർ, എം.എം. നിസാമുദ്ദീൻ, ഖുശീ ഗോപിനാഥ്, ജില്ലാ കമ്മിറ്റി അംഗം ബി. കൃഷ്ണദാസ്, സിവിൽ സ്റ്റേഷൻ ഏരിയാ പ്രസിഡന്റ് എം.എം. നാസറുദ്ദീൻ, സെക്രട്ടറി കെ.ആർ. ശ്രീജിത്ത് തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.