ഞെട്ടിച്ച് ഷോക്കേറ്റ് മരണം
കൊട്ടാരക്കര: ചോരക്കളമായി മാറിയ എം - സി റോഡിൽ 20 മണിക്കൂറിനുള്ളിൽ നടന്ന മൂന്ന് അപകടങ്ങളിൽ പൊലിഞ്ഞത് മൂന്ന് വിദ്യാർത്ഥികളുടെ ജീവനുകൾ. സാരമായി പരിക്കേറ്റത് നാലുപേർക്ക്. പന്ത്രണ്ട് കിലോ മീറ്ററിനുള്ളിലാണ് മൂന്ന് അപകടങ്ങൾ ഉണ്ടായത്. ബുധനാഴ്ച രാത്രി പത്തരയോടെ കലയപുരത്തായിരുന്നു ആദ്യ അപകടം. രണ്ട് ബൈക്കുകളിലായെത്തിയ നാല് വിദ്യാർത്ഥികളിൽ രണ്ട് പേർ മരിച്ചു. മറ്റ് രണ്ടുപേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിന്റെ ഞെട്ടൽ മാറും മുമ്പേയായിരുന്നു ഉച്ചയ്ക്ക് രണ്ടരയോടെ പനവേലിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വൃദ്ധന് പരിക്കേറ്റത്. ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യവുമായി പോയ വൃദ്ധനാണ് അപകടത്തിൽപ്പെട്ടത്. പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചേകാലോടെയായിരുന്നു അടുത്ത അപകടം. കൊട്ടാരക്കര ലോവർ കരിക്കത്ത് അമിത വേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് ഐ.ടി.ഐ വിദ്യാർത്ഥി ദാരുണമായി മരിച്ചു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന് സാരമായി പരിക്കേറ്റു. എം.സി റോഡരികിൽ കൊട്ടാരക്കര പുലമണിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കരാർ തൊഴിലാളി മരിച്ചതും ഇതിനിടയിലാണ്. ബുധനാഴ്ച പകൽ പൊലീസിന്റെ നേതൃത്വത്തിൽ വാഹന യാത്രക്കാർക്ക് ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. റൂറൽ എസ്.പിയുടെ നിർദ്ദേശ പ്രകാരം കൊട്ടാരക്കര പൊലീസിന്റെ നേതൃത്വത്തിലായിരുന്നു ബോധവത്കരണം. ഇതിന് പിന്നാലെയാണ് അപകടങ്ങൾ ഒന്നൊന്നായി എത്തിയത്.