navas
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശാസ്താംകോട്ട ജല അതോറിറ്റി ഓഫീസ് ഉപരോധിക്കുന്നു

ശാസ്താംകോട്ട: ശുദ്ധജല വിതരണ പദ്ധതികളിൽ കനാൽ ജലവും ചേർത്ത് വിതരണം ചെയ്യാനുള്ള വാട്ടർ അതോറിട്ടിയുടെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശാസ്താംകോട്ട വാട്ടർ അതോറിട്ടി അസി. എൻജിനിയറെ ഉപരോധിച്ചു. കെ.ഐ.പി കനാലിലൂടെയെത്തുന്ന ജലം ശാസ്താംകോട്ട ഫിൽട്ടർ ഹൗസിന് സമീപത്ത് സ്ഥാപിച്ചിരിക്കുന്ന പമ്പ് ഉപയോഗിച്ച് കുടിവെള്ളത്തിനായി വിതരണം ചെയ്യാനുള്ള ജല അതോറിറ്റിയുടെ ശ്രമങ്ങൾക്കെതിരെ ആയിരുന്നു പ്രതിഷേധം.

വൃത്തിഹീനമായ സാഹചര്യത്തിലൂടെ ഒഴുകിയെത്തുന്ന ജലം കുടിവെള്ളത്തിനായി പമ്പ് ചെയ്യുന്നതിനെതിരെ കഴിഞ്ഞ വർഷവും പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് ജല അതോറിറ്റി പമ്പിംഗ് നിറുത്തിവച്ചു. വീണ്ടും കനാൽ ജലം കുടിവെള്ളത്തിനായി പമ്പ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അധികൃതർ ശാസ്താംകോട്ടയിലെ ജല ശുദ്ധീകരണശാല സന്ദർശിച്ചു.

കനാൽ ജലം പമ്പ് ചെയ്താൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, യൂത്ത് കോൺഗ്രസ് നേതാക്കളായ വൈ. നജിം, നിഥിൻ എസ്. കല്ലട, ഷമീർ ഇസ്മയിൽ, നാദിർഷ കാരൂർ കടവ്, ഉണ്ണി ഇലവിനാൽ തുടങ്ങിയവർ നേതൃത്വം നൽകി.