കൊട്ടിയം: ആരോഗ്യ ശുചിത്വം പാലിച്ച് പുതുജീവിതത്തിലേക്ക് കടന്ന് നവദമ്പതികൾ. താലികെട്ട് കഴിഞ്ഞ് പുടവ ഏറ്റുവാങ്ങിയ വധുവിന്റെ മുഖത്ത് വരൻ മാസ്ക് ധരിപ്പിച്ചപ്പോൾ നിറപുഞ്ചിരിയോടെ വധുവും വരനെ മാസ്ക് ധരിപ്പിച്ചു. തുടർന്ന് ഇരുവരും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് പടനിലം പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന വിവാഹമാണ് മാതൃകയായത്. മേവറം മണ്ണാണിക്കുളം അൻജനാലയത്തിൽ ശിവദാസൻ പിള്ളയുടെയും അനിതകുമാരിയുടെയും മകൾ അൻജനയും തഴുത്തല ദിനേശ് ഭവനിൽ ദേവരാജൻ സുനിത ദമ്പതികളുടെ മകൻ ദേവൂ രാജുമായിട്ടുള്ള വിവാഹമാണ് ലളിതമായി നടത്തിയത്. കൊട്ടും കുരവയും വാദ്യമേളങ്ങളും ബന്ധുജന ബാഹുല്യവുമില്ലാതെയാണ് ക്ഷേത്രത്തിൽ വച്ച് കല്യാണം നടന്നത്. മുപ്പതുപേർ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തത്.