തൊടിയൂർ: കരുനാഗപ്പള്ളി മണ്ഡലത്തിലെ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിന് സ്ഥലം വിട്ടുനൽകുന്നത് സംബന്ധിച്ച് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഉന്നതതല യോഗം ചേർന്നു. ആർ. രാമചന്ദ്രൻ എം.എൽ.എയുടെ ആവശ്യപ്രകാരം റവന്യൂ മന്ത്രിയുടെ ചേംബറിലാണ് യോഗം ചേർന്നത്. കോളേജിനായി തൊടിയൂരിലെ ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജ് വക സ്ഥലത്തിന് ഫെയർ വാല്യു നൽകി ഭൂമി ഏറ്റെടുക്കുന്നതിന് യോഗത്തിൽ തീരുമാനമായി.
ഇതിനായി ഐ.എച്ച്.ആർ.ഡി നിശ്ചിത ഫോറത്തിൽ ഭൂമി വിട്ടുനൽകുന്നത് സംബന്ധിച്ച് സമ്മതപത്രം എത്രയും വേഗം നൽകാൻ യോഗം ആവശ്യപ്പെട്ടു.
2017ൽ കിഫ്ബിയിൽ നിന്ന് ഗവ. കോളേജിനായി അനുവദിച്ച 10 കോടി രൂപയിൽ നിന്ന് ഭൂമിയുടെവില ഐ.എച്ച്.ആർ.ഡിക്ക് നൽകുന്നതിന് ധനകാര്യ മന്ത്രിയുടെ അനുമതി വാങ്ങുന്നതിനും യോഗം തീരുമാനിച്ചു. തുടർനടപടികൾ വേഗത്തിലാക്കി നിർമ്മാണം എത്രയും വേഗം തുടങ്ങാൻ വിദ്യാഭ്യാസ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ആർ. രാമചന്ദ്രൻ എം.എൽ,.എ, ഐ.എച്ച്.ആർ.ഡി ഡയറക്ടർ, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, റവന്യൂ വകുപ്പ് അഡിഷണൽ സെക്രട്ടറി, ഉന്നത വിദ്യാഭ്യസ വകുപ്പ് ജോയിന്റ് സെക്രട്ടറി എന്നിവരും കരുനാഗപ്പള്ളി തഹസിൽദാർ എൻ. സാജിദബീഗവും യോഗത്തിൽ പങ്കെടുത്തു.