കൊല്ലം: 'നല്ല വിശപ്പുണ്ട്. പക്ഷേ കോട്ടഴിക്കേണ്ടി വന്നാൽ പുതിയത് ഇടേണ്ടിവരും. എട്ടു മണിക്കൂർ ജോലി കഴിഞ്ഞാലേ ഇതൊന്ന് അഴിച്ചുമാറ്റി ഭക്ഷണം കഴിക്കാനാവൂ. സാരമില്ല, ഇത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്.' കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും കൊറോണ വാർഡിന്റെ ചുമതലക്കാരനുമായ ഡോ.ഹബീബ് പറഞ്ഞു.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കാവൽക്കാരാകുന്ന ഡോക്ടർമാരുടെ ഈ നിശ്ചയദാർഢ്യമാണ് നാടിന്റെ ആശ്വാസവും പ്രതീക്ഷയും.
മൂന്ന് ഷിഫ്ടുകളിലായി മുപ്പതോളം ഡോക്ടർമാർ ഇവിടത്തെ കൊറോണ നിരീക്ഷണ, ഐസൊലേഷൻ വാർഡുകളിൽ ഉണ്ടാവും. ജോലിക്ക് കയറിയാലുടൻ സുരക്ഷാ കവചമായ സ്യൂട്ട് ധരിക്കണം. മാസ്കും ഗ്ളൗസുമണിയണം. പ്ലാസ്റ്റിക് സ്യൂട്ട് ധരിച്ച് അല്പം കഴിയുമ്പോൾ തന്നെ വല്ലാത്തൊരു അസ്വസ്ഥതയാണ്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടും. ഒപ്പം ശക്തമായ ചൂടും. കോട്ടിന്റെ സിബ്ബുകൾ മാറ്റാനുമാവില്ല. അത് സുരക്ഷാ പ്രശ്‌നമുണ്ടാക്കും.
രോഗികളെ പരിശോധിക്കുന്നതിനൊപ്പം പല തവണ വാർഡുകളിൽ പരിശോധന നടത്തണം. രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും ആശ്വസിപ്പിക്കണം. ഇവരിലെ ശാരീരിക മാറ്റങ്ങൾ അറിഞ്ഞ് മരുന്ന് കുറിക്കണം. പുതിയ പരിശോധനകൾ നടത്തണം.
'ബർഗറിന് നിർബന്ധം പിടിക്കുന്ന വിദേശികളെയും ഊണ് വേണമെന്ന് പറയുന്ന നാട്ടുകാരെയും നിരാശപ്പെടുത്താറില്ല. ഞങ്ങൾ വിശന്നിരുന്നാലും രോഗികൾ വിഷമിക്കരുതല്ലോ...' മറ്റൊരു ഡോക്ടർ പറഞ്ഞു.
മാസ്‌ക് മാറ്റി ഇടയ്ക്ക് ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ കഴിഞ്ഞാലായി. ആശങ്കകൾ മനസിലെത്തുമെങ്കിലും ഒന്നും വകവയ്ക്കാറില്ല. ഇതിനിടയിൽ പുതിയ ആളുകളെ പരിശോധിക്കണം, വീണ്ടും സാമ്പിൾ പരിശോധനകൾ...
അടുത്ത ഡ്യൂട്ടി ഡോക്ടർ എത്തുന്ന മുറയ്ക്ക് സ്യൂട്ട് ഊരി നശിപ്പിക്കാൻ കൊടുക്കും. 'സ്യൂട്ട് ഊരുമ്പോൾ വല്ലാത്തൊരു ആശ്വാസമാണ്, ഒന്ന് നിറച്ച് ശ്വാസമെടുക്കാൻ അപ്പോഴേ കഴിയൂ'- വനിതാ ഡോക്ടറുടെ കമന്റ്. 'പക്ഷേ കൊറോണയെ നിയന്ത്രിച്ച് നാടിന്റെ പേടി അകറ്റും വരെ ഞങ്ങൾക്ക് വിശ്രമമില്ല'... വാർഡിലേക്ക് കയറവേ അവർ പറഞ്ഞു.
.