പുനലൂർ: തകർന്നടിഞ്ഞ തെന്മല പഞ്ചായത്തിലെ ഇടമടൺ-ഉദയഗിരി വലതുകര കനാൽ റോഡിന്റെ നവീകരണം അനിശ്ചിതത്വത്തിലായതോടെ ജനം ദുരിതത്തിൽ. കരാർ എറ്റെടുത്തയാൾ ജോലികൾ ഉപേക്ഷിച്ചതാണ് ദുരിതയാത്രയ്ക്ക് കാരണം. ഇടമൺ ഉദയഗിരി വാർഡിലെ 17-ാം ബ്ലോക്ക് മുതൽ വാഴവിളയിലെ മൈടിക്കോണം വരെയുള്ള മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നവീകരണമാണ് ഉപേക്ഷിക്കപ്പെട്ടത്. റോഡിലെ ശേഷിക്കുന്ന രണ്ട് ഭാഗങ്ങളിലും നേരത്തെ റീ ടാറിംഗ് നടത്തിയിരുന്നു. ബാക്കിയുള്ള നവീകരണത്തിനായി എട്ട് മാസം മുമ്പാണ് കരാർ നൽകിയത്. എന്നാൽ പിന്നെയും രണ്ട് മാസം കഴിഞ്ഞാണ് ജോലികൾ ആരംഭിച്ചത്. എന്നാൽ മെറ്റൽ പാകുന്ന ജോലികൾ പൂർത്തിയാക്കിയ ശേഷം കരാറുകാരൻ സ്ഥലം വിടുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
റോഡ് ടാർ ചെയ്യാത്തതിനാൽ കാൽനട യാത്രികർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ അഞ്ച് മാസമായി ദുരിതയാത്രയാണ് നടത്തുന്നത്. മെറ്റൽ ഇളകി കുണ്ടുംകുഴിയും രൂപപ്പെട്ടതിനാൽ ഓട്ടോറിക്ഷകളും ഇതുവഴി സർവീസ് നടത്താൻ തയ്യാറല്ല. ഇതോടെ ദേശീയപാതയിലെ ഇടമൺ-34, ഇടമൺ സത്രം, ഇടമൺ യു.പി.എസ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ എത്താൻ ഗ്രാമവാസികൾ ബുദ്ധിമുട്ടുകയാണ്. തകർന്ന റോഡിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. കാൽനട യാത്രികർ വഴുതിവീണ് അപകടത്തിൽപ്പെട്ട സംഭവങ്ങളും ഉണ്ടായി. ആനപെട്ടകോങ്കൽ, 17-ാം ബ്ലോക്ക്, ഉദയഗിരി, അയത്തിൽ, ഉദയഗിരി നാല് സെന്റ് കോളനി, പാറക്കട, കുളത്തിങ്കൽ ജംഗ്ഷൻ, ഇടമൺ സത്രം, മൈടിയിൽ കോണം തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് റോഡിനെ ആശ്രയിക്കുന്നത്. ഇവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.
കാത്തിരിപ്പിന്റെ കാൽ നൂറ്റാണ്ട്
കാൽ നൂറ്റാണ്ടായി തകർന്നുകിടക്കുന്ന കനാൽ റോഡ് പുനരുദ്ധരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ കയറിയിറങ്ങാത്ത ഓഫീസുകൾ ഇല്ലായിരുന്നു.
തുടർന്നാണ് സ്ഥലം എം.എൽ.എ മന്ത്രി കെ. രാജുവിന്റെ പ്രദേശിക വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ നവീകരണത്തിനായി അനുവദിച്ചത്.
അര നൂറ്റാണ്ടിന് മുമ്പ് കല്ലട ഇറിഗേഷന്റെ നേതൃത്വത്തിൽ നിർമ്മിച്ചതാണ് വലതുകര കനാൽ റോഡ്. പിന്നീട് അറ്റകുറ്റപ്പണികളും, റീ ടാറിംഗും നടത്താതിരുന്നതാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണം.
..............................................
നൂറുകണക്കിന് ജനങ്ങൾ ഉപയോഗിക്കുന്ന വലതുകര കനാൽ റോഡിന്റെ നവീകരണ ജോലികൾ ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകും. റോഡ് പുനരുദ്ധരിക്കാൻ ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടും നിർമ്മാണ ജോലികൾ ഉപേക്ഷിച്ചത് പ്രദേശവാസികളോട് കാണിക്കുന്ന കടുത്ത അവഗണനയാണ്. ഇത് കണക്കിലെടുത്ത ബന്ധപ്പെട്ടവർ ഇടപെട്ട് നവീകരണ ജോലികൾ പുനരാരംഭിക്കാൻ നടപടികൾ സ്വീകരിക്കണം.
എ.എസ്.സനിൽകുമാർ, സെക്രട്ടറി, ഉദയഗിരി മേഖലാ കുടുംബ യോഗം , എസ്.എൻ.ഡി.പി യോഗം 854-ാം നമ്പർ ഇടമൺ കിഴക്ക് ശാഖ