nedumpana
മാസ്ക് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബശ്രീ നെടുമ്പന അപ്പാരൽ പാർക്കിലെ വനിതാ സംരംഭകർ

 അഞ്ച് ദിവസത്തിനിടയിൽ നിർമ്മിച്ചത് 25,000 മാസ്ക്

 ആദ്യഘട്ട വരുമാനം 4,70,000 രൂപ

കൊല്ലം: കുടുംബശ്രീയുടെ നെടുമ്പന അപ്പാരൽ പാർക്കിന്റെ യൂണിറ്റ് മാനേജർ ജയലക്ഷ്മി ഒരാഴ്ച മുമ്പ് മെഡിക്കൽ സ്റ്റോറിൽ മാസ്ക് വാങ്ങാൻ പോയി. ഒരെണ്ണം പോലും കിട്ടിയില്ല. ഏറ്റുവുമൊടുവിലെത്തിയ മെഡിക്കൽ സ്റ്റോറിൽ ചെന്നപ്പോൾ മാസ്ക് എടുത്ത് നീട്ടിയിട്ട് 50 രൂപ ആവശ്യപ്പെട്ടു.

അത് താൻ കൈയിൽ വച്ചോയെന്ന് പറഞ്ഞ് ജയലക്ഷ്മി മടങ്ങി. അപ്പാരൽ പാർക്കിലെത്തിയ ജയലക്ഷ്മി സഹപ്രവർത്തകരോട് കാര്യം പറഞ്ഞു. 'പുര കത്തുമ്പോൾ വാഴ വെട്ടുന്നവർക്ക് ഒരു പണി കൊടുക്കണം.' അപ്പാരൽ പാർക്കിലെ വനിതാ സംരംഭകർ കൂട്ടായി തീരുമാനിച്ചു. കൈക്കാശെടുത്ത് മാസ്ക് നിർമ്മാണത്തിനുള്ള തുണികൾ വാങ്ങി. കഴിഞ്ഞ തിങ്കളാഴ്ച മുതൽ മാസ്ക് നിർമ്മാണം തുടങ്ങി. കുടുംബശ്രീ ജില്ലാ മിഷൻ വഴി മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ നിന്നടക്കം ഓർഡറെത്തി. കൊറോണ വൈറസ് ബാധ പടർന്നതോടെ ഒട്ടുമിക്ക മേഖലകളും സ്തംഭിച്ചപ്പോൾ അപ്പാരൽ പാർക്കിലെ തയ്യൽ മെഷീനുകൾ ഒരു നിമിഷം പോലും വിശ്രമിക്കാതെ ചലിക്കുകയാണ്.

പല സംരംഭങ്ങളും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോൾ ഇവിടുത്തെ വനിതാ സംരംഭകരുടെ കണക്ക് പുസ്തകത്തിൽ ലാഭം കുന്നോളം ഉയരുകയാണ്. അപ്പാരൽ പാർക്കിൽ നേരത്തെ സ്കൂൾ യൂണിഫോം, ലോട്ടറി തൊഴിലാളികൾ, കാരുണ്യ മെഡിക്കൽ സ്റ്റോറുകളിലെ ജീവനക്കാർ, അങ്കണവാടി ജീവനക്കാർ എന്നിവർക്കുള്ള കോട്ട് നിർമ്മാണം എന്നിവയാണ് പ്രധാനമായും ചെയ്തിരുന്നത്. മറ്റെല്ലാ പണികളും മാറ്റിവച്ച് യൂണിറ്റിലെ 25 സംരംഭകരും ഇപ്പോൾ മാസ്ക് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.

അഞ്ച് ദിവസത്തിനിടയിൽ 25,000 മാസ്ക് നിർമ്മിച്ചു. ഒരു പാളിയുള്ള മാസ്ക് 10 രൂപയ്ക്കും രണ്ട് പാളിയുടേത് 15രൂപയ്ക്കും മൂന്ന് പാളിയുടേത് 20 രൂപയ്ക്കുമാണ് വിൽക്കുന്നത്. വിവിധ ഏജൻസികളിൽ നിന്ന് അഡ്വാൻസായി മാത്രം ഇതുവരെ 4,70,000 രൂപ ലഭിച്ചിട്ടുണ്ട്.

''

ലാഭത്തിനപ്പുറം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയെന്ന സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമായിട്ടാണ് മാസ്ക് നിർമ്മാണം ആരംഭിച്ചത്. കഴുകി ഉപയോഗിക്കാവുന്ന തുണികൊണ്ടുള്ള മാസ്കാണ് നിർമ്മിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷനും സി.ഡി.എസിനും ക്രൈസിസ് ഫണ്ട് ലഭിച്ചിട്ടുണ്ട്.

ഗിരിജാ കുമാരി

യൂണിറ്റ് കൺവീനർ, കുടുംബശ്രീ

നെടുമ്പന ആപ്പാരൽ പാർക്ക്