photo

കരുനാഗപ്പള്ളി: അന്യംനിന്നുപോകുന്ന കയർ വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ ഫലം കാണുന്നു. വ്യവസായത്തിന്റെ ഈറ്റില്ലമായിരുന്ന കരുനാഗപ്പള്ളിയിലാണ് റാട്ടുകളുടെ താളം വീണ്ടും ഉയരുന്നത്. കയർ വ്യവസായ സഹകരണ സംഘങ്ങളിൽ നിന്ന് സമാഹരിക്കുന്ന ചകിരി വീടുകളിൽ എത്തിക്കുന്ന പദ്ധതിക്കാണ് സർക്കാർ തുടക്കം കുറിച്ചത്. മാറിവരുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ സംരംഭം ആരംഭിച്ചത്. സംഘങ്ങളിൽ അംഗങ്ങളായവരുടെ വീടുകളിലേക്കാണ് ചകിരി എത്തിക്കുന്നത്.

യന്ത്രവത്കൃത റാട്ടുകൾ ആയതിനാൽ തൊഴിലാളികൾക്ക് സമയം പോലെ വീട്ടിലിരുന്ന് കയർ പിരിക്കാനാകും. ഇങ്ങനെ പിരിച്ചെടുക്കുന്ന കയർ ഇവർ തന്നെ സഹകരണ സംഘങ്ങളിൽ എത്തിക്കും. വീട്ടിലിരുന്നുള്ള ജോലി ആയതിനാൽ വീട്ടുജോലിയും ഒപ്പം കൊണ്ടുപോകാം എന്നതാണ് മേന്മ. ഒരു ദിവസം ഒരു തൊഴിലാളി 180 വള്ളി കയർ പിരിക്കണമെന്നാണ് വ്യവസ്ഥ. (16 കിലോഗ്രാം ) ഒരു വള്ളിക്കയറിന് 13 മീറ്റർ നീളം ഉണ്ടായിരിക്കണം. ഇതിനുനുസരിച്ചാണ് യന്ത്ര റാട്ടുകൾ സ്ഥാപിക്കുന്നത്. 180 വള്ളി കയർ പിരിക്കുമ്പോൾ 240 രൂപ സംഘത്തിൽ നിന്നും 110 രൂപ സർക്കാരിൽ നിന്നും ലഭിക്കും.സംഘങ്ങളിൽ നിന്നുള്ള പണം തൊഴിലാളികൾക്ക് നേരിട്ടും സർക്കാരിൽ നിന്നുള്ള പണം ബാങ്ക് വഴിയുമാണ് ലഭിക്കുന്നത്.

കരുനാഗപ്പള്ളിയിൽ 15 കയർ സഹകരണ സംഘങ്ങളാണ് ഉള്ളത്. ഇതിൽ 14 എണ്ണവും പ്രവർത്തന സജ്ജമാണ്. ശേഷിക്കുന്ന സംഘത്തിൽ ഒരാഴ്ചക്കുള്ളിൽ ജോലി ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. സംഘങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ ചകിരി കയർഫെഡ് നേരിട്ട് നൽകും. തൊഴിലാളികൾ ഉത്പാദിപ്പിക്കുന്ന കയർ സംഘങ്ങൾ കയർഫെ‌ഡിന് കൈമാറും.

ഒരുദിവസം പിരിക്കേണ്ടത്: 180 വള്ളിക്കയർ

ഒരു വള്ളിക്കയറിന് വേണ്ട നീളം: 13 മീറ്റർ

സംഘത്തിൽ നിന്ന് ലഭിക്കുന്നത്: 240 രൂപ

സർക്കാരിൽ നിന്ന്:110 രൂപ

കരുനാഗപ്പള്ളിയിൽ വൈക്കം കയർ

കരുനാഗപ്പള്ളിയിൽ വൈക്കം കയറാണ് ഉല്പാദിപ്പിക്കുന്നത്. മണ്ണൊലിപ്പ് തടയുന്നതിനായി ഭൂവസ്ത്രം ഉണ്ടാക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. മാർച്ച് മാസം അവസാനിക്കുന്നതോടെ 13000 ക്വിൻന്റൽ കയർ ഉത്പാദിപ്പിക്കാനാണ് കരുനാഗപ്പള്ളി കയർ ഇൻസ്പെക്ടർ ഓഫീസും കയർ സംഘങ്ങളും ലക്ഷ്യമിടുന്നത്. ഫെബ്രുവരി മാസം അവസാനിച്ചപ്പോൾ 9000 ക്വിൻന്റൽ കയർ ഉല്പാദിപ്പിക്കാൻ കഴിഞ്ഞു. മാർച്ച് മാസം അവസാനിക്കുന്നതിന് മുമ്പ് ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഉദ്യോഗസ്ഥരും സഹകരണ സംഘങ്ങളും.