പത്തനാപുരം:കൊറോണ വൈറസിന്റെ ഭീതിയിലും ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറന്നു പ്രവർത്തിക്കുന്നതിൽ പ്രതിഷേധിച്ച് പത്തനാപുരത്ത് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ നടത്തിയ സമരത്തിൽ സംഘർഷം. പൊലീസും പ്രതിഷേധക്കാരുമായി വാക്കേറ്റവും ഉന്തുംതള്ളും നടന്നു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയാണ് രംഗം ശാന്തമാക്കിയത്.
ഔട്ട്ലെറ്റിലെ ജീവനക്കാരെ പ്രതിഷേധക്കാർ അകത്ത് പൂട്ടിയിട്ടു. പൊലീസ് എത്തിയാണ് ഇവരെ പുറത്തിറക്കിയത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. സാജുഖാൻ സമരം ഉദ്ഘാടനം ചെയ്തു, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് സാദത്ത് ഖാൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി എം.ജെ. യദുകൃഷ്ണൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ പുന്നല ഷൈജു, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഹുനൈസ്, പി.എം.പി സാഹിബ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനസ് ബഷീർ, ആഷിക് റോയ്, സജിത്ത് തുളസി, ഷിബു കടുവാതോട്, ഷൈജു ഇടത്തറ, ഷംനാദ് വള്ളക്കടവ്, വിഷ്ണു പുന്നല, അനന്ദു എന്നിവർ നേതൃത്വം നൽകി.