പത്തനാപുരം: കുടിവെള്ളത്തിന് അമിതലാഭം വേണ്ടന്നാണ് നാട്ടുകാരുടെ സ്വന്തം സുരേന്ദ്രൻ ചേട്ടൻ അന്നും ഇന്നും പറയുന്നത്. കച്ചവടം തുടങ്ങിയത് മുതൽ കുപ്പിവെള്ളത്തിന് പത്ത് രൂപയേ വാങ്ങാറുള്ളു. പത്ത് രൂപയ്ക്ക് വിറ്റാലും രണ്ട് രൂപ ലാഭം കിട്ടും. പത്തനാപുരം പിടവൂർ സത്യൻമുക്കിലാണ് സുരേന്ദ്രൻ ചേട്ടന്റെ കട.
പതിമൂന്ന് രൂപയ്ക്ക് കുപ്പിവെള്ളം നൽകണമെന്ന നിയമം നിലവിൽ വന്നിട്ടും ഇരുപത് രൂപയ്ക്ക് വിൽപ്പന തുടരുമ്പോഴാണ് സുരേന്ദ്രൻ വ്യത്യസ്തനാകുന്നത്. ലോറി ഉടമയായിരുന്ന സുരേന്ദ്രൻ അഞ്ച് വർഷം മുമ്പാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 'സ്വദേശി' എന്ന പേരിൽ സത്യൻമുക്ക് ജംഗ്ഷനിൽ കട തുടങ്ങിയത്. നാടൻ കാർഷിക വിളകളും കുറഞ്ഞ വിലയിൽ ഇവിടെ ലഭ്യമാണ്.
മോട്ടോർ വാഹനവകുപ്പിൽ നിരന്തരമായി വലിയ തുക 'പെറ്റി' നൽകേണ്ടി വന്നതോടെയാണ് ലോറി ബിസിനസ് ഉപേക്ഷിച്ചത്. വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി പേരാണ് വെള്ളം വാങ്ങാനായി ഇവിടെ എത്തുന്നത്. ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് നൽകിയാലും കുപ്പിവെള്ളത്തിന് പത്ത് രൂപയേ സുരേന്ദ്രൻ വാങ്ങാറുള്ളു.