പുനലൂർ: എസ്.എൻ.ഡി.പി യോഗം 808-ാം നമ്പർ വിളക്കുവെട്ടം ശാഖയുടെ നേതൃത്വത്തിൽ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗുരുദേവ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്ക് പുറമേ പ്രദേശവാസികൾക്കും യാത്രക്കാർക്കും ആവശ്യമായ ഹാൻഡ്‌വാഷ്, സാനിറ്റൈസർ തുടങ്ങിയവ വിതരണം ചെയ്തു. പൊതുജനങ്ങൾക്കും ബസ് യാത്ര കഴിഞ്ഞെത്തുന്നവർക്കും കൈകഴുകാൻ ആവശ്യമായ വെള്ളവും സോപ്പും ഗുരുക്ഷേത്രത്തിന് സമീപം സജ്ജമാക്കിയിട്ടുണ്ട്.
ശാഖയുടെ തനത് ഫണ്ട് ഉപയോഗിച്ചാണ് പ്രതിരോധത്തിനാവശ്യമായ സാധനങ്ങൾ വാങ്ങിയത്. ഇനി മുതൽ നഗരസഭയുടെ സഹായവും ലഭിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. ശാഖാ പ്രസിഡന്റ് ബി. അജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി വാർഡ് കൗൺസിലർ സുഭാഷ് ജി. നാഥ് ഉദ്ഘാടനം ചെയ്തു. പുനലൂർ യൂണിയൻ കൗൺസിലറും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവുമായ സന്തോഷ് ജി. നാഥ്, ശാഖാ വൈസ് പ്രസിഡന്റ് ജയചന്ദ്രൻ, സെക്രട്ടറി എസ്. കുമാർ, വനിതാസംഘം ശാഖാ പ്രസിഡന്റ് സുകേശിനി ഗോപിനാഥ്, സെക്രട്ടറി സുകുമാരി മോഹൻ തുടങ്ങിയവർ സംസാരിച്ചു.