nagara

 അനുമതി ലഭിക്കും മുമ്പേ രണ്ടരക്കോടിയുടെ പദ്ധതി ഊരാളുങ്കലിന്

കൊല്ലം: നിയമം ലംഘിച്ച് കോഴിക്കോട് ആസ്ഥാനമായുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി നഗരസഭയുടെ അനധികൃത ഇടപാട്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അനുമതി ലഭിക്കും മുമ്പ് ടെണ്ടർ പോലും ഇല്ലാതെ ഓഫീസ് നവീകരണ പ്രവൃത്തികൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപ്പിച്ചു.

നഗരസഭയുടെ അപേക്ഷ ഐ.ടി മിഷൻ ഡയറക്ടറുടെ വിശദ പരിശോധനയ്ക്ക് തദ്ദേശ വകുപ്പ് വിട്ടിരിക്കെ ഒന്നരമാസം മുമ്പ് ആഡ്വാൻസ് കൈപ്പറ്റി ഊരാളുങ്കൽ സൊസൈറ്റി കൊല്ലം കോർപ്പറേഷൻ ആസ്ഥാനത്ത് ആധുനീകരണം തുടങ്ങി. നഗരസഭാ ഓഫീസിന്റെ ആധുനികവത്കരണത്തിന്റെ രണ്ടാംഘട്ടമായി സോണൽ ഓഫീസുകളെ ബന്ധിപ്പിച്ചുള്ള വീഡിയോ കോൺഫറൻസിംഗ്, ജീവനക്കാർക്കുള്ള പഞ്ചിംഗ്, സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്ന ഇൻഫർമേഷൻ കിയോസ്ക്, കൗണ്ടറുകളിൽ ക്യൂ മാനേജ്മെന്റ് തുടങ്ങിയ സംവിധാനങ്ങളുടെ സജ്ജീകരണമാണ് നഗരസഭ ഊരാളുങ്കലിന് കൈമാറിയത്.

സർക്കാർ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളുമടക്കം സർക്കാർ നിയന്ത്രണത്തിലുള്ള സെൻട്രലൈസ്ഡ് പ്രൊക്യുർമെന്റ് ആൻഡ് റേറ്റ് കോൺട്രാക്ട് സിസ്റ്റം (സി.പി.ആ‌ർ.സി.എസ്) വഴിയേ കമ്പ്യൂട്ടർ അടക്കമുള്ള ഐ.ടി ഉപകരണങ്ങൾ വാങ്ങാവൂ എന്നാണ് ചട്ടം. വിലയ്ക്കൊപ്പം ഗുണനിലവാരവും ഉറപ്പാക്കാനാണ് സംസ്ഥാന സർക്കാർ സി.പി.ആർ.സി.എസ് പോർട്ടൽ ആവിഷ്കരിച്ചത്. പോർട്ടലിൽ ലഭ്യമല്ലാത്ത ഉപകരണങ്ങൾ ടെണ്ടറിലൂടെ വാങ്ങാം. ഈ ചട്ടം മറികടന്നാണ് നേരിട്ട് ഈരാളുങ്കലിന് നൽകാൻ കോ‌ർപ്പറേഷൻ ഭരണക്കാർ തീരുമാനിച്ചത്.

അന്നത്തെ സെക്രട്ടറി എതിർപ്പ് അറിയിച്ചതോടെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ കോ- ഓർഡിനേഷൻ സമിതിയെ പ്രത്യേക അനുമതിക്കായി സമീപിക്കുകയായിരുന്നു. എന്നാൽ കോ-ഓർഡിനേഷൻ സമിതിയുടെ അനുമതി ലഭിക്കും മുമ്പേ നഗരസഭ ഊരാളുങ്കലുമായി രണ്ടരക്കോടിയുടെ കരാറൊപ്പിട്ടു.

കഴിഞ്ഞമാസം അവസാനം ചേർന്ന കോ- ഓർഡിനേഷൻ സമിതി യോഗമാണ് നഗരസഭയുടെ ആവശ്യം സംബന്ധിച്ച് ഐ.ടി മിഷൻ ഡയറക്ടറെ ചുമതലപ്പെടുത്തിയത്.

തീരുമാനമെടുത്ത തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയടക്കമുള്ളവരും റിപ്പോർട്ട് തയ്യാറാക്കാൻ പോകുന്ന ഐ.ടി മിഷൻ ഡയറക്ടറും നഗരസഭാ അധികൃതർ രഹസ്യധാരണയുണ്ടാക്കി പണി തുടങ്ങിയതറിഞ്ഞിട്ടില്ല. പദ്ധതിയുടെ ആദ്യഘട്ടമായി ഓഫീസ് പേപ്പർ രഹിതമാക്കാനുള്ള കമ്പ്യൂട്ടറുകളും സ്കാനറുകളും പ്രിന്ററുകളും ഊരാളുങ്കലിൽ നിന്ന് നേരിട്ടാണ് വാങ്ങിയത്. 1.27 കോടിയുടെ ഈ ഇടപാടിൽ സി.പി.ആ‌ർ.സി.എസിൽ നിന്ന് വാങ്ങണമെന്ന സർക്കാർ ഉത്തരവ് പാലിച്ചില്ലെന്ന് മാത്രമല്ല വിലക്കുറവും ഗുണമേന്മയും ഉറപ്പാക്കാൻ ടെണ്ടറും ചെയ്തില്ല.

"

താൻ മേയറായി വരുന്നതിന് മുമ്പാണ് അനുമതി തേടി സർക്കാരിനെ സമീ‌പ്പിച്ചത്. ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം, വീഡിയോ കോൺഫറൻസിംഗ് അടക്കമുള്ള സംവിധാനങ്ങൾ സജ്ജീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ഊരാളുങ്കലിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.

ഹണി ബഞ്ചമിൻ, മേയർ

ടെണ്ടറില്ലാതെ ഊരാളുങ്കലിൽ നിന്ന് വാങ്ങിയത്

കമ്പ്യൂട്ടറുകൾ: 155

പ്രിന്ററുകൾ: 37

സ്കാനറുകൾ: 12