bar

കൊല്ലം: എക്‌സൈസ് പുനലൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര സർക്കിൾ ഓഫീസുകളിൽ കൊല്ലം വിജിലൻസ് മിന്നൽ പരിശോധന നടത്തി. ബാറുകളിൽ നിന്ന് ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങുന്നതായി പരാതി ലഭിച്ചതോടെയാണ് കൊല്ലം വിജിലൻസ് ഡിവൈ.എസ്.പി കെ.അശോക് കുമാറിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.
കൊട്ടാരക്കര എക്‌സൈസ് സർക്കിൾ ഓഫീസിലെ റൈറ്ററുടെ കാഷ് ബുക്കിൽ രേഖപ്പെടുത്തിയിരുന്നത് 2,550 രൂപയെന്നാണ്. എന്നാൽ ഇയാളുടെ ബാഗിൽ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന 18,000 രൂപ കണ്ടെടുത്തു. കൂടാതെ പ്രിവന്റീവ് ഓഫീസറുടെ പക്കൽ നിന്ന് രേഖയിൽ പെടാത്ത 760 രൂപയും കണ്ടെടുത്തു. പിടിച്ചെടുത്ത പണത്തെ കുറിച്ച് തൃപ്തികരമായ മറുപടി ഉദ്യോഗസ്ഥർ നൽകിയില്ല.
കാഷ് ബുക്കിൽ 2019 നവംബർ വരെ മാത്രമെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളു. വെയർ ഹൗസിൽ നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ സർട്ടിഫൈ ചെയ്ത് കയറ്റിവിടുന്ന ലോഡുകൾ ഇറക്കുമ്പോൾ എക്‌സൈസ് ഓഫീസറുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കണമെന്നാണ് നിയമം. എന്നാൽ ഇതിനായി ബാറുകളിൽ ഉദ്യോഗസ്ഥർ പോകാറില്ലെന്നും വിജിലൻസ് കണ്ടെത്തി. ബാറുകളിൽ മദ്യമിറക്കി കഴിഞ്ഞ് ബാർ ജീവനക്കാർ പിന്നീട് ഓഫീസിലെത്തി ഒപ്പും സീലും പതിപ്പിച്ച് പോകുന്നത് കണ്ടെത്തിയെന്നും വിജിലൻസ് അറിയിച്ചു.

പുനലൂർ, കരുനാഗപ്പള്ളി സർക്കിൾ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്താനായില്ല. ബാർ ഹോട്ടൽ ഉടമകളിൽ നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ മാസപ്പടി പറ്റുന്നതായി വിജിലൻസ് എസ്.പിക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. ഓരോ ബാറുകളിൽ നിന്ന് പ്രതിമാസം 5,000രൂപയും ഓണം, ക്രിസ്മസ് ഉത്സവസമയങ്ങളിൽ 10,000 രൂപയുമാണ് മാസപ്പടി നൽകിയിരുന്നതെന്നാണ് പരാതി.
ബാർ ഹോട്ടലുകാരുടെ ചില സംഘടനകളും വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. തുർന്നാണ് അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടത്. വിജിലൻസ് ദക്ഷിണമേഖലാ പൊലീസ് സൂപ്രണ്ട് ആർ.ജയശങ്കറിന്റെ നിർദ്ദേശാനുസരണമായിരുന്നു പരിശോധന. പൊലീസ് ഇൻസ്‌പെക്ടർമാരായ അജയനാഥ്, അൽജബാർ, സുധീഷ്, കരുനാഗപ്പള്ളി പെർഫോമൻസ് ആഡിറ്റ് സൂപ്പർവൈസർ ജി.ശ്രീകുമാർ, ചാത്തന്നൂർ അഗ്രികൾച്ചറൽ അസിസ്റ്റന്റ് ഡയറക്ടർ ഷിബു കുമാർ, കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് അസി. എൻജിനീയർ സനൽകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പടിച്ചെടുത്ത തുക ട്രഷറിയിൽ അടയ്ക്കുമെന്നും റിപ്പോർട്ട് ഉടൻ വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കുമെന്നും വിജിലൻസ് ഡിവൈ.എസ്.പി അറിയിച്ചു.