കൊല്ലം: കൊറോണ വ്യാപനം തടയുന്നതിന് ഊർജ്ജിത മുന്നൊരുക്കങ്ങൾക്കിടയിൽ വെള്ളിയാഴ്ചയിലെ ജുംഅ നിസ്കാരം വീട്ടിലാക്കി കളക്ടർ ബി.അബ്ദുൽ നാസർ. ആരാധനാലയങ്ങളിലെ ഒത്തുചേരൽ ഒഴിവാക്കണമെന്ന് കാട്ടി തലേന്നാൾ പൊതുസമൂഹത്തിന് നിർദ്ദേശം നൽകിയ കളക്ടർ ദൈവം സർവ വ്യാപിയും എല്ലാവർക്കും പ്രാപ്യവുമാണെന്നും നവമാദ്ധ്യമങ്ങളിലൂടെ സന്ദേശം നൽകിയിരുന്നു.
എല്ലാ വെള്ളിയാഴ്ചകളിലും പള്ളിയിൽ പോയി ഉച്ചയ്ക്ക് ജുംഅ നമസ്കാരം പതിവുള്ളയാളാണ് കള്ടർ. കളക്ടറേറ്റിലോ ബംഗ്ളാവിലോ ഉണ്ടെങ്കിൽ കൊല്ലം ചാമക്കടയിലെ ജുംഅ മസ്ജിദിലും യാത്രയിലാണെങ്കിൽ അടുത്തുള്ള പള്ളിയിലുമാണ് നിസ്കരിക്കാറുള്ളത്. വർഷങ്ങളായി തുടരുന്ന പതിവ് തെറ്റിച്ച് ഇന്നലെ കുടുംബത്തോടൊപ്പം കളക്ടറുടെ ഔദ്യോഗിക ബംഗ്ലാവിൽ നിസ്കാരം നടത്തി.
ഇത് സംബന്ധിച്ച് ഫേസ് ബുക്കിൽ കുറിപ്പിടാനും കളക്ടടർ ബ്രോ മടിച്ചില്ല. പൊതുസമൂഹത്തെ ബോധവത്കരിക്കാനും അതുവഴി കൊറോണ വ്യാപനം തടയാനും സന്ദേശം ഉപകരിക്കുമെന്ന് കളക്ടർ പറഞ്ഞു.