thrikkaruva
തൃക്കരുവ മണലിക്കടയിൽ രണ്ടുവർഷമായി അടച്ചിട്ടിരിക്കുന്ന അംഗനവാടി കെട്ടിടം

അഞ്ചാലുംമൂട്: ശോച്യാവസ്ഥയെ തുടർന്ന് രണ്ട് വർഷമായി അടച്ചിട്ടിരിക്കുന്ന തൃക്കരുവയിലെ അങ്കണവാടി കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗപ്രദമാക്കാനോ പുതിയ കെട്ടിടം നിർമ്മിക്കാനോ നടപടിയുണ്ടാകുന്നില്ല. തൃക്കരുവ മണലിക്കടയിൽ പ്രവർത്തിക്കുന്ന 47-ാം നമ്പർ അങ്കണവാടി കെട്ടിടത്തിനാണ് ഈ ദുരവസ്ഥ. നിലവിലുള്ള കെട്ടിടത്തിൽ നിന്ന് അര കിലോമീറ്ററോളം മാറി സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലാണ് ഇപ്പോൾ അങ്കണവാടി പ്രവർത്തിക്കുന്നത്. ഇതിനായി പ്രതിമാസം രണ്ടായിരം രൂപയാണ് വാടകയിനത്തിൽ നൽകേണ്ടി വരുന്നത്.

ജില്ലാ ഗ്രാമീണ വികസന ഏജൻസിയുടെ കീഴിൽ ജെ.ആർ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 1992ലാണ് കെട്ടിടം നിർമ്മിച്ചത്. അന്നുള്ളവയിൽ വച്ച് മികച്ച രീതിയിൽ സ്ഥല സൗകര്യങ്ങളോടെ വിശാലമായ ഓടിട്ട കെട്ടിടമാണ് നിർമ്മിച്ചത്. ഒടുവിൽ 2018 മേയിൽ കാലപ്പഴക്കം മൂലം ശോച്യാവസ്ഥയിലായ കെട്ടിടം അടച്ചുപൂട്ടി പ്രവർത്തനം മാറ്റുകയായിരുന്നു. രണ്ട് വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.

 പഞ്ചായത്തിന് തനത് ഫണ്ട് കുറവാണ്. കെട്ടിട നിർമ്മാണത്തിന് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ആർ. സുനിൽകുമാർ, തൃക്കരുവ ഗ്രാമപഞ്ചായത്ത് സെക്രട്ടറി

 1992ൽ പണികഴിപ്പിച്ച കെട്ടിടം

 അടച്ചിട്ടത് 2018 മേയിൽ