കൊല്ലം: രോഗത്തിനും വാർദ്ധക്യത്തിനും തോറ്റുകൊടുക്കാതെ അക്ഷരപ്പുരയിൽ സജീവമാവുകയാണ് ഏഴുപത്താറുകാരനായ ഗോപി ആനയടി. പിന്നിട്ട നാളുകളിൽ കണ്ടതും കേട്ടതും ഒരു ആത്മകഥാംശമെന്നപോലെ പുസ്തകമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഈ അക്ഷരസ്നേഹി. തോടും വയലും പച്ചപ്പിന്റെ തണലുമുണ്ടായിരുന്ന ഗ്രാമഭംഗിയുടെ നിറച്ചാർത്തിലായിരുന്നു ഗോപിയുടെ കുട്ടിക്കാലം.
അന്നേ മനസിൽ ചേക്കേറിയ കാവ്യഭംഗിക്ക് ഇന്നും മങ്ങലില്ല!. ശാസ്താംകോട്ട ശൂരനാട് ആനയടി ഗ്രാമത്തിലെ തറയിൽ വീട്ടിൽ എൻ.കൃഷ്ണക്കുറുപ്പിന്റെയും ചെമ്പകക്കുട്ടി അമ്മയുടെയും ആറ് മക്കളിൽ രണ്ടാമനായി കെ.ഗോപിനാഥൻ പിള്ള എഴുത്തിന്റെ വഴിയിലേക്ക് കടന്നപ്പോൾ തന്നെ പേരിനൊപ്പമുള്ള വാല് വെട്ടി, സ്ഥലനാമം കൂട്ടിച്ചേർത്ത് ഗോപി ആനയടിയായി. ആഢ്യത്വമുള്ള തറവാട്ടിൽ നിന്ന് പുരോഗമന ചിന്താഗതിയിലേക്കുള്ള വരവൊരുങ്ങിയത് അങ്ങിനെയാണ്. സ്കൂൾ പഠനത്തിന് ശേഷം മലയാളം വിദ്വാൻ അവനാസ പരീക്ഷയ്ക്ക് മുൻപ് പതിനെട്ടാം വയസിൽ ഛത്തീസ്ഗഡിലേക്ക് വണ്ടികയറേണ്ടിവന്നു. ചിറ്റപ്പനെ കൊണ്ടുവിട്ടിട്ട് ഉടൻ തിരിച്ചുവരാൻ പോയതാണെങ്കിലും അവിടെ വഴിതുറന്നത് കേന്ദ്ര സർക്കാർ ജോലിയിലേക്കാണ്.
കോൾ ഇന്ത്യയിൽ സീനിയർ സിസ്റ്റം ഓഫീസറായി 1999ൽ സ്വയം വിരമിക്കുമ്പോഴേക്കും കലാ-സാഹിത്യലോകത്ത് വലിയ സൗഹൃദമുണ്ടാക്കിയെടുക്കാൻ ഗോപിക്ക് കഴിഞ്ഞിരുന്നു. കവി കുരീപ്പുഴ ശ്രീകുമാർ, വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, പെരുമ്പടവം, ഡോ.കെ.ജയകുമാർ, ബാലചന്ദ്ര മേനോൻ, ദയാബായി, ഡോ.പി.കെ.ജനാർദ്ദന കുറുപ്പ് എന്നിവരടക്കം ആ ആത്മബന്ധങ്ങളുടെ പട്ടിക നീളും. കേരളശബ്ദത്തിന്റെ മദ്ധ്യഭാരതത്തിലെ കറസ്പോണ്ടന്റായി പ്രവർത്തിച്ചതിനാൽ രാഷ്ട്രീയ ബന്ധങ്ങളുമേറി. കുട്ടിക്കാലം മുതൽ കവിതയും കഥയുമൊക്കെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ മഷിപുരളാറുണ്ടായിരുന്നു.
2002ൽ നാഗ്പൂരും വിദർഭയും എന്ന പേരിൽ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. ബാബാ ആംടെയുടെ ജീവചരിത്ര പുസ്തകം 2010ൽ പ്രസിദ്ധീകരിച്ചു. ഇത് പിന്നീട് യുമാ വാസുകി തമിഴിലേക്ക് വിവർത്തനം ചെയ്തു. ദളിത് മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ 'അതിർത്തിയിലെ കൃഷ്ണകാന്തികൾ' ആയിരുന്നു മൂന്നാമത്തെ പുസ്തകം. തൊട്ടുപിന്നാലെ വിവിധ ദേശങ്ങളിൽ കണ്ട ആചാരങ്ങളും ജീവിതങ്ങളും ചേർത്ത് 'സഞ്ചാരപദത്തിലെ അപൂർവ മുദ്രകളും' പ്രസിദ്ധീകരിച്ചു. നാഗ്പൂരിലെ കേരള കലാകേന്ദ്രം സെക്രട്ടറി, കേരള സമാജം പ്രസിഡന്റ്, കലിക മാസിക- നിഷാദം മാസികകളുടെ പത്രാധിപർ തുടങ്ങി കലാസാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞ് നിൽക്കവെയാണ് വിശ്രമ ജീവിതത്തിനായി 2018 ഏപ്രിൽ 16ന് എറണാകുളം മരടിൽ സ്ഥിരതാമസത്തിനെത്തിയത്.
അപ്പോഴേക്കും രോഗം ഒന്നിനുപുറകെ ഒന്നായി തേടിയെത്തി. ന്യൂറോ സർജറി വേണ്ടിവന്നെങ്കിലും തൂലിക അടച്ചുവയ്ക്കാൻ ഗോപി ആനയടി ഒരുക്കമല്ല. നന്ദി ആരോട് ഞാൻ ചൊല്ലേണ്ടുവെന്ന പുസ്തകം അടുത്ത മാസം പ്രസിദ്ധീകരിക്കും. തൊട്ടുപിന്നാലെ കവിതാ പുസ്തകവും ഒരുങ്ങുകയാണ്. അക്ഷരങ്ങളുടെ പിൻബലത്താൽ പ്രായത്തെയും തോൽപ്പിക്കാനുള്ള ഗോപിയുടെ പരിശ്രമത്തിന് ഭാര്യ രമാദേവിയമ്മയും മക്കളായ അർച്ചനയും അഭിഷേകും മരുമകൻ സുധീർ മേനോനും വലിയ പിന്തുണ നൽകുന്നുണ്ട്.