vellachattam
എരപ്പിൻകൂട്ടം വെള്ളച്ചാട്ടം

ഓയൂർ: വാപ്പാല പുരമ്പിൽ എരപ്പിൻകൂട്ടം വെള്ളച്ചാട്ടപ്പാറയിൽ സാമൂഹ്യ വിരുദ്ധശല്യം രൂക്ഷമാകുന്നു. മഴക്കാലങ്ങളിൽ പ്രകൃതി മനോഹരമായ വെള്ളച്ചാട്ടമുള്ള ഇവിടെ നിരവധി സഞ്ചാരികളാണ് എത്തുന്നത്. വേനൽക്കാലമായതോടെ പ്രദേശവാസികളുടെ നേതൃത്വത്തിൽ തോടുംപരിസരവും വൃത്തിയാക്കി പാറകൾ പെയിന്റടിച്ച് മനോഹരമാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. എന്നാൽ രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ തോട്ടിൽ മദ്യക്കുപ്പികൾ എറിഞ്ഞ് ഉടയ്ക്കുകയും തോടും പരിസരവും വൃത്തിഹീനമാക്കുകയും ചെയ്യുന്നത് പതിവായി.

ആൾപ്പാർപ്പില്ലാത്ത പ്രദേശമായതിനാൽ വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന സാമൂഹ്യ വിരുദ്ധർ ഇവിടെ തമ്പടിക്കാറുണ്ട്. ഇവരാണ് പ്രശ്നങ്ങൾക്ക് പിന്നിൽ.

രണ്ട് തോടുകളുടെ സംഗമം

രണ്ട് തോടുകൾ സംഗമിക്കുന്ന സ്ഥലമായതിനാൽ പ്രകൃതി മനോഹരമായ വെള്ളച്ചാട്ടം ഏറെ ആസ്വാദ്യകരമാണ്. ഒരു കിലോമീറ്ററോളം നീളത്തിൽ തട്ടുതട്ടായും പാറക്കൂട്ടങ്ങൾക്കിടയിലൂടെ വെള്ളം ഇരച്ചുപായുന്നതാണ് ഇവിടുത്തെ പ്രത്യേകത. പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും സ്ഥലം ടൂറിസം വകുപ്പ് ഏറ്റെടുത്ത് വികസന സാദ്ധ്യതകൾ വിലയിരുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.