കൊട്ടാരക്കര: ഇളവൂരിൽ ഏഴുവയസുകാരി ദേവനന്ദ പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ദുരൂഹത നീങ്ങാത്തതിനാൽ ഇന്നലെ വീണ്ടും കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു. അമ്മ ധന്യയുടെ മൊഴി നേരത്തെ രണ്ടുതവണ പൊലീസ് രേഖപ്പെടുത്തിയിരുന്നു. കുട്ടി മരിച്ചതിന്റെ മനോവേദനയിൽ നിന്ന് ഏറെക്കുറെ മുക്തയായ ശേഷമാണ് ഇന്നലെ വീണ്ടും രക്ഷിതാക്കളെ കാണാൻ നിശ്ചയിച്ചത്.
ധന്യയുമായി ഒരു മണിക്കൂറോളം അന്വേഷണ ഉദ്യോഗസ്ഥർ സംസാരിച്ചു. പൊലീസിന്റെ സംശയങ്ങൾ, രക്ഷിതാക്കളുടെ സംശയങ്ങൾ, ചോദ്യം ചെയ്തവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്. കുട്ടി ഒരിക്കലും തനിയെ പുഴയുടെ ഭാഗത്തേക്ക് പോകില്ലെന്ന അഭിപ്രായത്തിലാണ് അച്ഛനും അമ്മയും ഇന്നലെയും അന്വേഷണ സംഘത്തോട് ഉറച്ചുനിന്നത്. ഇവരുടെ മൊഴി രേഖപ്പെടുത്താനായി സ്റ്റേഷനിലേക്ക് ഒന്നുകൂടി വിളിപ്പിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 61 പേരെ ചോദ്യം ചെയ്തു. ഫോറൻസിക് -പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ ദേവനന്ദയുടേത് മുങ്ങിമരണമാണെന്ന് വ്യക്തമാക്കുന്നതാണ്. പുഴയിൽ തനിയെ വീണതാണോ ബാഹ്യ പ്രേരണയാൽ വീണതാണോയെന്ന കാര്യം ഇതിൽ നിന്ന് വ്യക്തമല്ല. ഇതിനാണ് ഇനിയും ഉത്തരം കിട്ടേണ്ടത്. സംഭവ ദിവസം ഇളവൂരിലെ വീടിന്റെ പരിസര പ്രദേശങ്ങളിലുണ്ടായിരുന്നവരുടെ വിവരങ്ങൾ സൈബർ സെല്ലിന്റെയുൾപ്പെടെ സഹായം തേടിയിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള വിവരങ്ങൾ ഇന്ന് ലഭിച്ചേക്കും. ഫെബ്രുവരി 27ന് രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായതും തൊട്ടടുത്ത ദിവസം രാവിലെ ഇത്തിക്കരയാറിന്റെ കൈവഴിയായ പള്ളിമൺ ആറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയതും.