കരുനാഗപ്പള്ളി: ദുരന്ത മുഖങ്ങളിലും ദുർഘട മേഖലയിലും നിമിഷങ്ങൾക്കുള്ളിൽ പാഞ്ഞെത്താൻ ഇനി മുതൽ അഗ്നിശമന സേനയുടെ ആധുനിക ബുള്ളറ്റ് റെഡി. സംസ്ഥാന സർക്കാർ ഫയർ സർവീസിന് അനുവദിച്ച വാട്ടർ മിസ്റ്റ് ബുള്ളറ്റ് കരുനാഗപ്പള്ളിയിൽ ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 500 സിസി ബുള്ളറ്റിൽ രണ്ട് വാട്ടർമിസ്റ്റുകൾ ഘടിപ്പിച്ചിട്ടുണ്ട്.
വലിയ ഫയർ എൻജിനുകൾ കടന്നുചെല്ലാത്ത ഇടവഴികളിലും മറ്റുമുള്ള തീ പിടിത്തങ്ങൾക്ക് ഫലപ്രദമായി പ്രതിരോധം തീർക്കാൻ പുതിയ വാഹനത്തിനാകും. ഒരേ സമയം വെള്ളവും ഫോം മിശ്രിതവും തീയണയ്ക്കാൻ ഉപയോഗിക്കും. വൈദ്യുതി ലൈനുകളിലെ തീപിടിത്തങ്ങൾക്കും ഇത് ഉപയോഗിക്കാനാകും.1000 വോൾട്ടുവരെയുള്ള വൈദ്യുത ലൈനിൽ 3 മീറ്റർ അടുത്തു നിന്നുവരെ ഇത് ഉപയോഗിച്ച് തീകെടുത്താം. ഉന്നതമർദ്ദത്തിലുള്ള അന്തരീക്ഷവായു ഉപയോഗിച്ച് വെള്ളത്തിനെയും ഫോമിനെയും ചെറു കണികകൾ ആക്കിയാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്. തീകെടുത്താനായി 12 മീറ്റർ ദൂരത്തേക്കുവരെ പമ്പ് ചെയ്യാനും സാധിക്കും.
ഒരു യൂണിറ്റിന് ഏകദേശം 5 ലക്ഷം രൂപയാണ് വില.സംസ്ഥാനത്താകെ 40 ഓളം വാഹനങ്ങളാണ് വിതരണം ചെയ്തത്. വാഹനത്തിന്റ് ഫ്ലാഗ് ഓഫ് ചടങ്ങിൽ ഫയർസ്റ്റേഷൻ ഓഫീസർ സുരേഷ്, അസി. ഫയർ ഓഫീസർ സക്കറിയാ അഹമ്മദ് കുട്ടി തുടങ്ങിയവർ പങ്കെടുത്തു.