അഞ്ചാലുംമൂട് : റോഡിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവറായ പ്രാക്കുളം ഫ്രണ്ട്സ് ക്ലബിന് സമീപമുള്ള മേലേ വരമ്പേൽ രാജു മാതൃകയായി. 11ന് രാവിലെ അഞ്ചാലുംമൂട് ജംഗ്‌ഷന് സമീപം വില്ലേജ് ഓഫീസിനും മെഡിക്കൽ സ്റ്റോറിനും ഇടയിലുള്ള റോഡിൽ കിടന്നാണ് ഒന്നരപ്പവൻ വരുന്ന സ്വർണമാല രാജുവിന് കളഞ്ഞുകിട്ടിയത്. കളഞ്ഞുകിട്ടിയ ഉടൻ തൊട്ടടുത്തുള്ള ഓട്ടോ സ്റ്റാൻഡിൽ അന്വേഷിച്ചെങ്കിലും ഉടമയെ കണ്ടെത്താനായില്ല. തുടർന്ന് മാല അഞ്ചാലുംമൂട് പൊലീസിൽ ഏൽപ്പിച്ചു. പത്രവാർത്ത കണ്ട മാലയുടെ ഉടമയായ അഞ്ചാലുംമൂട് ഞാറയ്ക്കൽ ചക്കന്റയ്യത്ത് കിഴക്കതിൽ ഷാഹിനാബീവി തെളിവ് സഹിതം അഞ്ചാലുംമൂട് പൊലീസിനെ സമീപിച്ചു. തുടർന്ന് ഇന്നലെ അഞ്ചാലുംമൂട് എസ്.എച്ച്.ഒ അനിൽകുമാറിന്റെ സാനിദ്ധ്യത്തിൽ ഓട്ടോ ഡ്രൈവർ രാജു ഷാഹിനാബീവിക്ക് മാല കൈമാറി.