mafiya-1

കൊട്ടാരക്കര: പുത്തൂർ തേവലപ്പുറം പൈപ്പിൻകരയിൽ മണ്ണ് മാഫിയയുടെ ആക്രമണത്തിൽ നാട്ടുകാരായ രണ്ടുപേർക്ക് ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. വെണ്ടാർ പൈപ്പിൻകര ഗോകുൽ ഭവനത്തിൽ ചന്ദ്രബാബു (50), ഹരിദാസ് ഭവനത്തിൽ ഹരിദാസ് (61), മണ്ണെടുപ്പിന് എത്തിയ പാരിപ്പള്ളി സ്വദേശി ശ്രീക്കുട്ടൻ, കണ്ണനല്ലൂർ സ്വദേശി അമീർ എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഇവരുടെ വീടിന് മുന്നിൽ അഞ്ച് ദിവസമായി വൻ തോതിൽ മണ്ണെടുപ്പ് നടന്നുവരികയാണ്. മണ്ണ് കൊണ്ടു പോകുന്നതിന്റെ പാസിനെ ചൊല്ലി അന്ന് മുതൽ തർക്കമുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഉണ്ടായ തർക്കത്തെ തുടർന്ന് മണ്ണ് കൊണ്ടു പോകാനെത്തിയ പാരിപ്പള്ളി സ്വദേശി ശ്രീക്കുട്ടനെ സംഘം ചേർന്ന് ആക്രമിക്കാൻ തുടങ്ങി. അടിപിടിക്കിടെ ശ്രീക്കുട്ടൻ ചന്ദ്രബാബുവിന്റെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. തുടർന്നാണ് അക്രമിസംഘം ഇരുമ്പ് പൈപ്പുകളും മറ്റുമായി ചന്ദ്രബാബുവിന്റെ വീട്ടിലേക്ക് പാഞ്ഞെത്തി.

മുറ്റത്തെ ചെടിചട്ടികളും മറ്റും തല്ലിത്തകർത്തു. തടസം പിടിക്കാനെത്തിയ ചന്ദ്രബാബുവിനെയും ഹരിദാസിനെയും മർദ്ദിച്ചു.ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് സംഘം ഇവിടെ നിന്ന് പോയത്. സി.സി ടി.വി ദൃശ്യങ്ങൾ അടക്കം റൂറൽ എസ്.പിക്ക് പരാതി നൽകി. മണ്ണെടുപ്പ് നിറുത്തിവയ്ക്കാൻ എസ്.പി നിർദേശം നൽകി. പുത്തൂർ പൊലീസ് കേസെടുത്തു