കൊല്ലം: കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി കുടുംബത്തെ തടഞ്ഞ് തമിഴ്നാട് പൊലീസ്. പിഞ്ചുകുട്ടിയുമായി വലഞ്ഞ് മലയാളി കുടുംബം. തൃശൂർ സ്വദേശികളായ വിനീഷ് കുമാർ, ഭാര്യ മിനി, നാല് വയസുകാരിയായ മകൾ അനുഷ എന്നിവരാണ് ഇന്ന് രാവിലെ ചെങ്കോട്ടയിൽ നിന്ന് ആര്യങ്കാവ് വഴി കേരളത്തിലേക്ക് കടക്കാൻ എത്തി അതിർത്തിയിൽ കുടുങ്ങിയത് തമിഴ്നാട് രാജപാളയത്തെ സൗത്ത് ഇന്ത്യൻ ബാങ്കിലെ മാനേജരാണ് വിനീഷ് കുമാർ.
കൊറോണ വ്യാപനത്തെ തുടർന്ന് അവധിയെടുത്ത് നാട്ടിലേക്ക് പോകാനാണ് രാവിലെ കാറുമായി ഇറങ്ങിയത്. ആര്യങ്കാവിന് സമീപം തമിഴ്നാട് അതിർത്തിയിൽവച്ച് പൊലീസ് ഇവരുടെ കാർ തടഞ്ഞു. രാവിലെ 9 മണിയോടെയാണ് സംഭവം. നാട്ടിലേക്ക് പോകണമെന്ന് കാലുപിടിച്ച് പറഞ്ഞിട്ടും വാഹനം കടത്തിവിടാൻ തയ്യാറായില്ലെന്ന് മിനി പറഞ്ഞു. കാർ ഒതുക്കിയിട്ട ശേഷം നടന്നപ്പോൾ ദൂരക്കാഴ്ചയിൽ കേരള പൊലീസിനെ കണ്ടതിന്റെ ആശ്വാസത്തിലാണ് ഇവർ. ആര്യങ്കാവ് ചെക്ക് പോസ്റ്റിലടക്കം സഹായത്തിന് അഭ്യർത്ഥിച്ചിരുന്നുവെങ്കിലും ഇതുവരെ ഇവർക്ക് അതിർത്തി കടക്കാനായിട്ടില്ല.