കരുനാഗപ്പള്ളി: കുടിവെള്ള ക്ഷാമവും കോറോണ ഭീതിയും കരുനാഗപ്പള്ളിയിൽ ജനജീവിതം ദുസഹമാക്കുന്നു. വേനൽ കടുത്തതോടെ ആലുംകടവ് ഉൾപ്പെടെയുള്ള കായൽ തീരങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയായി മാറി. ദാഹജലത്തിനായി ജനം നെട്ടോട്ടമോടുന്ന കാഴ്ചയാണ് എങ്ങും കാണാൻ സാധിക്കുന്നത്. ഇതിനിടെയാണ് കൊറോണ ഭീതിയും നാട്ടുകാരെ വലയ്ക്കുന്നത്.
മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ടാങ്കർ ലോറികളിൽ എത്തിക്കുന്ന കുടിവെള്ളമാണ് ഇവർക്ക് ഏക ആശ്രയം. എന്നാൽ ഇത് വീട്ടാവശ്യത്തിന് മതിയാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി 1 മണി വരെ ഉറക്കമിളച്ച് വെള്ളത്തിനായി പൈപ്പിൻ ചുവട്ടിൽ കാത്തിരുന്നെങ്കിലും ഒരു തുള്ളി വെള്ളം പോലും ലഭിച്ചില്ലെന്നാണ് ഇവരുടെ പരാതി. ആലുംകടവിലെ കുഴൽക്കിണറിൽ നിന്നാണ് കരുനാഗപ്പള്ളി നഗരസഭയിലെ 1, 2, 3, 4, 5, 33,34, 35 എന്നീ ഡിവിഷനിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നത്. കൂടാതെ ആലപ്പാട് ഗ്രാമപഞ്ചായത്തിലെ കാക്കത്തുരുത്തിലേക്കും കുടിവെള്ളം എത്തിക്കുന്നത് ഈ കുഴൽക്കിണറിൽ നിന്നാണ്. ഓച്ചിറ കുടിവെള്ള പദ്ധതിയിലെ ജലം ആലുംകടവിലെ കാവിൽ ജംഗ്ഷൻ വരെ എത്താറുണ്ട്. ഇതും വല്ലപ്പോഴും മാത്രമാണെന്ന് നാട്ടുകാർ പറയുന്നു.
ആലുംകടവിലെ കുഴൽ കിണറിൽ നിന്നും 20 മണിക്കൂർ തുടർച്ചയായി വെള്ളം പമ്പ് ചെയ്യാറുണ്ട്. ഇതിൽ 6 മണിക്കൂർ പമ്പിംഗ് കാക്കത്തുരുത്തിലേക്കാണ്. ശേഷിക്കുന്ന 14 മണിക്കൂർ തുടർച്ചയായി പമ്പിംഗ് നടത്തിയാലും ആലുംകടവ് തുറയിൽകുന്ന്, കോഴിക്കോട്, ആലുംതറ ജംഗ്ഷൻ എന്നിവിടങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കഴിയുകയില്ല. ഭൂഗർഭ ജലത്തിന്റ ദൗർലഭ്യമാണ് ഇതിന് കാരണമായി ബന്ധപ്പെട്ടവർ പറയുന്നത്.
..................................
ആലുംകടവിലെ നിലവിലുള്ള പമ്പ് ഹൈസിന് 20 വർഷത്തിലേറെ പഴക്കമുണ്ട്. നഗരസഭ മുൻ കൈ എടുത്ത് ആലുകടവിൽ പുതിയ കുഴൽ കിണർ നിർമ്മിച്ചെങ്കിലും പ്രവർത്തനം നീളുകയാണ്. ഇത് പ്രവർത്തന സജ്ജമായാൽ നിലവിലുള്ള കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകും. കായൽ തീരങ്ങളിലെ കിണറുകളിലെ വെള്ളത്തിന് ഉപ്പ് രസം ഉള്ളതിനാൽ കുടിവെള്ളത്തിനായി നാട്ടുകാർ പൈപ്പ് വെള്ളത്തെയാണ് പൂർണ്ണമായും ആശ്രയിക്കുന്നത്. കോറോണ ഭീതി ശമിക്കുന്നതു വരെയെങ്കിലും പൈപ്പ് വഴി നൽകുന്ന വെള്ളത്തിന്റെ വിതരണം കുറ്റമറ്റതാക്കണം
നാട്ടുകാർ