നാട് നിശ്ചലമാകും
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്‌ത ജനതാ കർഫ്യൂവിൽ ഇന്ന് ജില്ല നിശ്ചലമാകും. സ്വകാര്യ ബസുകൾ, കെ.എസ്.ആർ.ടി.സി ബസുകൾ, പാസഞ്ചർ- എക്‌സ്‌പ്രസ് ട്രെയിനുകൾ, ആട്ടോറിക്ഷകൾ, ടാക്‌സികൾ, സമാന്തര സർവീസുകൾ തുടങ്ങിയവയൊന്നും സർവീസ് നടത്തില്ല. രാവിലെ ഏഴ് മുതൽ രാത്രി 9 വരെ മുഴുവൻ പൗരൻമാരും വീട്ടിലിരിക്കണമെന്ന ആഹ്വാനമുള്ളതിനാൽ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങാൻ സാദ്ധ്യതയില്ല. പെട്രോൾ പമ്പുകൾ അടയ്ക്കാനാണ് പമ്പ് ഉടമകളുടെ സംഘടനകൾ തീരുമാനിച്ചത്.
ബിവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർഫെഡിന്റെയും മദ്യ വിൽപ്പന ശാലകൾ, കെ.ടി.ഡി.സിയുടെ ബിയർ പാർലറുകൾ, ബാറുകൾ തുടങ്ങിയവയും അടച്ചിടും. കടകൾ തുറക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹോട്ടലുകളും റസ്റ്റോന്റുകളും ബേക്കറികളും പ്രവർത്തിപ്പിക്കില്ലെന്ന് അവരുടെ സംഘടനകളും അറിയിച്ചിട്ടുണ്ട്.
ഹർത്താലും ബന്ദും ജില്ലയ്‌ക്ക് പരിചയമുണ്ടെങ്കിലും എല്ലാ മേഖലകളും സമ്പൂർണമായി നിശ്ചലമാകുന്ന കർഫ്യൂ ആദ്യാനുഭവമാകും.
ജനതാ കർഫ്യൂവിനോട് സഹകരിക്കാനും ശുചീകരണത്തിന് അവസരം ചെലവിടാനുമാണ് സംസ്ഥാന സർക്കാരിന് വേണ്ടി മുഖ്യമന്ത്രി അഭ്യർത്ഥിച്ചത്. 14 മണിക്കൂർ വീടിന് പുറത്തിറങ്ങരുതെന്ന അനുഭവത്തോട് പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ് ജനങ്ങൾ. അവശ്യം വേണ്ട ഭക്ഷ്യ വസ്‌തുക്കളും മരുന്നും ജനങ്ങൾ ഇന്നലെ വാങ്ങി സംരഭിച്ചു. സർക്കാരിന്റെ ആഹ്വാനം ഉൾക്കൊണ്ട് വീടും പരിസരവും ശുചീകരിക്കാൻ തന്നെയാണ് മിക്കവരുടെയും തീരുമാനം.
വിളിപ്പുറത്ത് പൊലീസും
ആരോഗ്യ വകുപ്പും
ജനതാ കർഫ്യൂവിൽ നാട് നിശ്ചലമാകുമ്പോൾ ആശുപത്രി ആവശ്യങ്ങൾ വന്നാൽ എന്ത് ചെയ്യുമെന്ന ആശങ്ക വേണ്ട. ഏത് ആവശ്യത്തിനും ഒരു വിളിപ്പുറത്ത് സർക്കാർ സംവിധാനങ്ങൾ ഒന്നാകെയുണ്ട്. വഴിയിൽ വാഹനം ഇല്ലാതെ പെട്ടുപോയാൽ സഹായത്തിന് പൊലീസുണ്ടാകും. അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻ പൊലീസിന്റെയും ആരോഗ്യ പ്രവർതത്തകരുടെയും
സഹായം തേടാം. കളക്ടറേറ്റ് കൺട്രോൾ റൂം നമ്പർ: 0474 2794002, 2794004, 1077.
ഉല്ലാസമല്ല, ജാഗ്രതയാണ്
14 മണിക്കൂർ
ജനങ്ങൾ സ്വമേധയാ വീട്ടിലിരിക്കണമെന്നാണ് സർക്കാർ നിർദേശം. വെല്ലുവിളിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ നിയമനടപടി ഉണ്ടാകില്ല. പക്ഷേ രാജ്യമൊന്നാകെ ഏറ്റെടുക്കുന്ന പ്രതിരോധ പ്രവർത്തനത്തെ അട്ടിമറിക്കരുതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശം.
''
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിക്കുന്ന നിർദേശങ്ങളും മാനദണ്ഡങ്ങളും ജനങ്ങൾ പാലിക്കണം.
ബി.അബ്ദുൽ നാസർ
ജില്ലാ കളക്ടർ