കൊല്ലം: ജില്ലാ ഭരണകൂടം നൽകിയ നിർദേശങ്ങൾ അട്ടിമറിക്കപ്പെട്ട സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി തുടങ്ങി. സർക്കാർ മാനദണ്ഡങ്ങളെ വെല്ലുവിളിക്കുകയും നിർദേശങ്ങൾ അവഗണിക്കുകയും ചെയ്യുന്നവർക്കെതിരെ സിറ്റി പൊലീസ് കമ്മിഷണറും റൂറൽ ജില്ലാ പൊലീസ് മേധാവിയും നിയമനടപടി സ്വീകരിച്ച് തുടങ്ങി.
ദുരന്ത നിവാരണ നിയമത്തിന് പുറമെ കേരള പൊലീസ് ആക്‌ട്, ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പുകൾ തുടങ്ങിയവ ചുമത്തിയാണ് കേസെടുക്കുക. ആരാധാനാ കേന്ദ്രങ്ങളിലെ ആഘോഷങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചിരുന്നെങ്കിലും പലയിടങ്ങളിലും വലിയ ജനക്കൂട്ടം എത്തുന്നുണ്ട്. നിർദേശങ്ങൾ അവഗണിച്ചതിനെതിരെ ബന്ധപ്പെട്ട ആരാധാനാലയങ്ങളുടെ ഭാരവാഹികൾക്കെതിരെ നോട്ടീസ് കൊടുത്ത് തുടങ്ങി.
ഒരു തരത്തിലും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളോട് യോജിക്കാൻ
തയ്യാറാകാത്ത ആരാധനാലയങ്ങൾ അടച്ചിടാൻ നിർദേശം നൽകിയേക്കും. നിയമപരമായി തന്നെ അത് നടപ്പിലാക്കാനാണ് ജില്ലാ ഭരണകൂടവും പൊലീസും ആലോചിക്കുന്നത്. ഗൃഹപ്രവേശം, കല്യാണം, മരണാനന്തര ചടങ്ങുകൾ, പിറന്നാൾ ആഘോഷം എന്നിവ ലളിതമാക്കാൻ തയ്യാറാകാത്തവർ ഇപ്പോഴുമുണ്ട്. ചടങ്ങുകൾ തീർത്തും ലളിതമാക്കി ജന പങ്കാളിത്തം കുറച്ചില്ലെങ്കിൽ പൊലീസ് ഇടപെടൽ ഉണ്ടാകുമെന്ന് മാത്രമല്ല, ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്യും.
വീട്ടിലിരുന്നില്ലേൽ പാസ്‌പോർട്ട് പോകും
വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർ 14 ദിവസത്തെ കർശന ഗൃഹ നിരീക്ഷണത്തിലിരിക്കണമെന്ന നിർദേശം പാലിച്ചേ മതിയാകൂ. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുകയെന്ന ലക്ഷ്യത്തോടെ പുറത്തിറങ്ങി നടക്കുകയും പൊതുജന സമ്പർക്കം ഉണ്ടാക്കുകയും ചെയ്‌താൽ രണ്ട് വർഷം തടവ് ശിക്ഷ ലഭിക്കുന്ന തരത്തിൽ കേസെടുക്കും. ആവശ്യമെങ്കിൽ പാസ്‌പോർട്ട് റദ്ദാക്കാൻ നടപടികൾ സ്വീകരിക്കും. ഇത്തരം കാര്യങ്ങളിൽ ഒരു പരിഗണനയും ആർക്കും നൽകേണ്ടതില്ലെന്നാണ് സർക്കാർ നിർദേശം.