കൊറോണ കാലത്ത് വായനക്കാർ ശങ്കിക്കാം ഈ കോൺഗ്രസുകാർക്കെന്തിനാണിപ്പോ സാരി!. സംഗതി ഇപ്പോഴത്തെയല്ല, രണ്ടുമുന്നാഴ്ച മുമ്പ് വാങ്ങിയ സാരികളിൽ വല്ലതും ബാക്കിയുണ്ടോ എന്നാണ് കൊല്ലം കാരന്റെ ചോദ്യം.
ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ നയിച്ച ജനകീയ പ്രക്ഷോഭ ജ്വാലയിലേയ്ക്ക് പോകാം. ജാഥ വലിയ വിജമായിരുന്നുവെന്ന് നേതൃത്വം മോഹിച്ച് പാരപണിയുന്ന നേതാക്കൾ പോലും സമ്മതിക്കുന്നു. മഹാത്മജി ദണ്ഡിയാത്ര നടത്തിയത് 24 ദിവസം കൊണ്ട് 390 കിലോമീറ്ററായിരുന്നു. പക്ഷേ ബിന്ദുകൃഷ്ണ 25 ദിവസം കൊണ്ട് 521 കിലോമീറ്റർ പിന്നിട്ടെന്ന് കോൺഗ്രസുകാരും സമ്മതിക്കുന്നു. ഇക്കാര്യം കന്റോൺമെന്റിലെ സമാപന സമ്മേളത്തിൽ പ്രഖ്യാപിക്കുകയും ചെയ്തു. ചില കോൺഗ്രസുകൾ അടക്കം ചോദിക്കുന്നുണ്ടായിരുന്നു ഇവരിതെങ്ങനെ ഒപ്പിച്ചടെ..?
മാത്രമല്ല, സമ്മേളന നഗരിയിൽ 'കൊല്ലത്തിന്റെ പ്രിയദർശിനിയെന്ന' ബോർഡും കൂടി കണ്ട് ഹൃദയം തകർന്ന ചില നേതാക്കൾക്ക് വീട്ടിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം കിട്ടിയില്ലത്രേ. അങ്ങനെ ബോർഡുവച്ച ചില ചെറിയ വലിയ നേതാക്കളെ ചിലരൊക്കെ നോക്കിവച്ചിട്ടുമുണ്ട്. അവസരം വരട്ടെ കാണിച്ചുകൊടുക്കാമെന്ന് മനസിൽ പറഞ്ഞ് ആശ്വസിച്ചവരുമുണ്ട്. അതിനപ്പുറം ഈ പ്രിയദർശിനി എന്ന് പറയുമ്പോൾ രാഹുൽ ഗാന്ധിയുടെ ആരായിട്ട് വരുമെന്ന് പോലും ചില നേതാക്കൾ സംശയിക്കുന്നുണ്ടായിരുന്നു.
എന്തായാലും കൊല്ലത്തെ പ്രിയദർശിനി യാത്രയൊക്കെ വിജയിച്ച് വന്നെങ്കിലും ഇപ്പോൾ വല്ലാതെ വിമ്മിട്ടത്തിലാണെന്നാണ് കൊല്ലംകാരൻ കേട്ടത്. അങ്ങനെയാണ് ഈ സാരിക്കഥയും പുറത്തറിയുന്നത്. ജാഥയ്ക്കിടെ വല്ല സാരിക്കഥയും കേട്ടോയെന്ന് പ്രിയദർശിനിയോട് ചോദിച്ചാൽ കൈമലർത്തും. അയ്യോ എന്നെ അങ്ങ് വിട്ടേരെ എന്ന ഭാവത്തിൽ പ്രിയദർശിനി മുങ്ങും.
ജാഥയ്ക്ക് പണം പിരിക്കാൻ 25,000ത്തിന്റെ വീതം കൂപ്പണുകളാണ് വാർഡ് കമ്മിറ്റികൾക്ക് നൽകിയത്. 1,200 ലേറെയുണ്ട് ഇത്തരം കമ്മിറ്റികൾ. 15,000 ഡി.സി.സിക്ക്നൽകിയാൽ മതി. ബാക്കി സ്വന്തമായി കൈകാര്യം ചെയ്യാമായിരുന്നു. പണമൊക്കെ കൃത്യമായി പിരിച്ചവരാണ് കൂടുതൽ. നമ്മാളാരാ മുതല്... പണം പിരിക്കാൻ കിട്ടുന്ന ഏതെങ്കിലും അവസരം കോൺഗ്രസുകാർ കളയാറുണ്ടോ. പക്ഷേ പകുതി കമ്മിറ്റിക്കാർ പോലും കാശ് കൊടുത്തില്ലെന്ന് മാത്രം. കാശ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ചില ബ്ലോക്ക് കമ്മിറ്റികൾ ചേർന്നപ്പോഴാണ് സാരിക്കഥ പുറത്തായത്. ഞാനാരു കാര്യം പറഞ്ഞേയ്ക്കാം 'പിരിച്ച പൈസാ കൊടുത്താണ് ഞാൻ 100 സാരി വാങ്ങിയത്. ഇല്ലെങ്കിൽ ജാഥയിൽ പെണ്ണുങ്ങൾ വരുമായിരുന്നോ'. അങ്ങ് തെന്മല മുതൽ ഇങ്ങ് കാവനാട്ടും കൊല്ലത്തുമെല്ലാം സാരിയായിരുന്നു ചർച്ച. സാരികൾ പല തരമായിരുന്നു. കോൺഗ്രസ് പതാകയുടെ ത്രിവർണങ്ങൾ ചേരുന്ന സാരി. ഹായ് മൂന്ന് നിറത്തിൽ മൂന്ന് സ്ത്രീകൾ ത്രിവർണമായി വരുന്നു. എത്ര രസകരമായ കാഴ്ച. പക്ഷേ സാരി കിട്ടിയ പലരും അതുടുത്ത് ജാഥയ്ക്ക് വരാതെ ഷോപ്പിംഗിന് പോയെന്നാണ് കേട്ടത്. ചിലർക്ക് നേതാക്കന്മാർ രണ്ടു സാരിയങ്ങ് കൊടുത്തത്രെ. അധികം കൊടുത്തത് എന്തിനെന്ന ചോദ്യത്തിന് നേതാക്കൾക്ക് ഉത്തരമില്ല.
ചില പെണ്ണുങ്ങൾ സാരി കിട്ടാൻ വേണ്ടി മാത്രം വന്ന് അഞ്ച് മിനിട്ട് നടന്നിട്ട് വെള്ളം കുടിക്കാൻ പോയതാ. പിന്നെ പൊടിയിട്ട് നോക്കിയിട്ടും കണ്ടില്ല. നൂറ് സാരി കൊടുത്തെങ്കിലും 30 പോലും ഉടുത്തുവന്നില്ലത്രേ. വല്ലാത്തൊരു മുങ്ങലായി പോയി. കേട്ടവരൊക്കെ പരസ്യമായി പൊട്ടിച്ചിരിച്ചുപോയി. കൊല്ലത്തെ സാരിക്കഥ പറഞ്ഞ നേതാവിനോട് വേറൊരു നേതാവ് ചോദിച്ച ചോദ്യം അദ്ദേഹത്തെ ഞെട്ടിച്ചു. അതെ നിങ്ങൾ ആ സാരി നമ്മുടെ മറ്റേ കോൺട്രാക്ടറെ കൊണ്ട് സ്‌പോൺസർ ചെയ്യിച്ചതല്ലേ? എന്തിനാ ഇങ്ങനെ കള്ളത്തരം. പിരിച്ച തുക ഡി.സി.സിക്ക് കൊടുത്തൂടെ.
കൊട്ടാരക്കരക്കാർ ഇക്കാര്യത്തിൽ മാതൃക കാണിച്ചു. ചില്ലിക്കാശുപോലും കൊടുത്തില്ല. വനിതാ ഡി.സി.സി പ്രസിഡന്റിനെ സാരിയുടെ പേരിൽ കൈയിലെടുക്കാനാണ് നേതാക്കളുടെ മനഃശാസ്ത്രപരമായ നീക്കം. പക്ഷേ കെ.പി.സി.സി അവരെ കണ്ടം വഴി ഒാടിക്കുമെന്ന കാര്യം കൊച്ചുനേതാക്കളുണ്ടോ അറിയുന്നു. അല്ലേലും മുൾക്കിരീടമാണ് കൊല്ലത്തെ അദ്ധ്യക്ഷസ്ഥാനം. കൊല്ലത്തെ പ്രിയദർശിനി പാരയും കമ്പിപ്പാരയും മുരുക്കും മുള്ളുമുരുക്കുമൊക്കെ കടന്ന് ഒരുവിധം പിടിച്ചുനിൽക്കാൻ നോക്കുമ്പോഴാ കുട്ടിനേതാക്കളും പല വല്യ നേതാക്കളുമെല്ലാം സാരിക്കഥയും ബോർഡ് വച്ച കണക്കുമായി തള്ള് നടത്തുന്നത്. രണ്ട് യമണ്ടൻ തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. അപ്പോൾ ഒത്തിരി പിരിക്കേണ്ടതാണ്. സാരിക്കഥ പറയല്ലേ പ്ലീസ്, അതൊക്കെ നാറ്റക്കേസല്ലേ.. ആ പിരിച്ച പണമങ്ങ് കൊടുത്തൂടെ...