കൊല്ലം: സർക്കാർ ഓഫീസുകളിൽ നാളെ മുതൽ പകുതി ജീവനക്കാർ മാത്രം. ജില്ലയിലെ ഓഫീസുകളിൽ ഓരോ ദിവസവും ആരൊക്കെ ജോലിക്ക് എത്തണമെന്ന് താലൂക്ക് തലത്തിൽ ഇന്നും നാളെയുമായും ഉന്നത ഉദ്യോഗസ്ഥർ തീരുമാനിക്കും. മറ്റുള്ളവർ വീടുകളിലിരുന്ന് ഓഫീസുകളിൽ നിന്ന് ആവശ്യപ്പെടുന്ന ജോലികൾ ചെയ്യണം. 31 വരെ ഇതേ രീതി തുടരും. ഞായറാഴ്‌ചയ്‌ക്ക് പുറമെ ശനിയാഴ്‌ചയും അവധി ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ വിവിധ ഓഫീസുകളിൽ ദിവസങ്ങൾക്ക് മുൻപ് തന്നെ പുറത്ത് നിന്നുള്ളവർ അകത്ത് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഓഫീസിന് പുറത്ത് സ്ഥാപിച്ച പെട്ടിയിൽ പരാതികൾ നിക്ഷേപിച്ച് മടങ്ങാനായിരുന്നു നിർദേശം. കൊറോണ നിയന്ത്രണ വിധേയമാകുന്നത് വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമാണ് സർക്കാർ ഓഫീസുകളിലെ നിയന്ത്രണം. സർവകലാശാല പരീക്ഷകൾ ഉൾപ്പെടെ മാറ്റിവച്ചതിന് പിന്നാലെ 31 വരെ സ്‌കൂൾ - കോളേജ് അദ്ധ്യാപകർക്ക് അവധി പ്രഖ്യാപിച്ചിരുന്നു. എല്ലാ ഓഫീസുകളിലും ആശുപത്രികളിലും ബ്രേക്ക് ദ ചെയിൻ കാമ്പയിൽ കർശനമാക്കി. സോപ്പ് ഉപയോഗിച്ച് കൈകഴുകാതെ ആരെയും സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ ആശുപത്രികൾ, വിവിധ സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് കടത്തിവിടുന്നില്ല.