a
കളഞ്ഞ് കിട്ടിയ മാല ജഗന്നാഥൻ ഉടമ രേഖയ്ക്ക് കൈമാറുന്നു

എഴുകോൺ: കളഞ്ഞ് കിട്ടിയ മൂന്നര പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി ഗൃഹനാഥൻ മാതൃകയായി. ചീരൻകാവ്‌ കാരുവേലിൽ പർണ്ണശാല വീട്ടിൽ ജഗനാഥനാണ് കൊറോണ ഭീതിക്കിടയിലും താരമായത്. കാരുവേലിൽ ശ്രുതി ലയത്തിൽ സുനിൽകുമാറിന്റെ ഭാര്യ രേഖ രാമചന്ദ്രന്റെ താലിമാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ പ്രഭാത സവാരി കഴിഞ്ഞ് മടങ്ങി വന്നപ്പോഴാണ് മാല നഷ്ട്ടപെട്ട വിവരം രേഖ അറിയുന്നത്.

ഉടൻ തന്നെ എഴുകോൺ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി. ഗണേഷ് കുമാറിനെ വിവരം അറിയിക്കുകയും ഗണേശ് സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇടുകയും ചെയ്തു. അതിനിടെ ജഗനാഥൻ തനിക്ക് സ്വർണ മാല കളഞ്ഞുകിട്ടിയെന്ന് ഗണേഷ് കുമാറിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് ഗണേഷും രേഖയും ജഗനാഥന്റെ വീട്ടിലെത്തി മാല കൈപ്പറ്റി. തടിക്കച്ചവടമാണ് ജഗനാഥന്റെ തൊഴിൽ. സുനിൽ കുമാർ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡാണ്.