ചോദ്യം ചെയ്യുന്നവർക്ക് ഭീഷണി നടപടിയെടുക്കാതെ അധികൃതർ
ചാത്തന്നൂർ: സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിൽ ഇത്തിക്കരയാറിന്റെ കൈത്തോട് നികത്തി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായി പരാതി. മീനാട് മാവിള കടവിൽ നിന്ന് കൊച്ചാറിലേക്ക് ഒഴുകുന്ന തോടാണ് പൂർണമായും നികത്തി താത്കാലിക ഷെഡുകളും കെട്ടിടങ്ങളും നിർമ്മിക്കുന്നത്. പട്ടാപ്പകൽ നടക്കുന്ന നിയമലംഘനത്തിനെതിരെ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
മീനാട് മാവിള റോഡിന് കുറുകെ ഒഴുകുന്ന തോടിന് മുകളിലെ ചെറുപാലത്തോട് ചേർന്നുള്ള ഇരുവശങ്ങളിലെയും ഭൂമി മണ്ണിട്ട് നികത്തിയിരിക്കുകയാണ്. മുമ്പ് നെൽവയൽ ആയിരുന്ന പ്രദേശത്ത് ചെറിയ തുക കൊടുത്ത് സ്വകാര്യവ്യക്തികൾ വാങ്ങിക്കൂട്ടിയ ഭൂമിയിലെ മണൽ വാരി തീർന്നപ്പോഴാണ് ഇവിടം നികത്തി കെട്ടിടങ്ങൾ പണിയുന്നതെന്ന ആരോപണമുണ്ട്. ഇതിന് മറുവശത്ത് കൊച്ചാറിന്റെ തീരം വരെയുള്ള തോടും പൂർണമായി നികത്തിക്കഴിഞ്ഞു.
സ്ഥലവാസികൾക്ക് ഭീഷണി
തീരദേശ പരിപാലന നിയമങ്ങൾ ഉൾപ്പെടെ ലംഘിച്ചുകൊണ്ട് നടക്കുന്ന പ്രവൃത്തികൾ ചോദ്യം ചെയ്ത സ്ഥലവാസികളെ ഇതിന് പിന്നിലുള്ളവർ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. റീസർവേ നടത്തി അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കി തോട് പൂർവസ്ഥിതിയിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത്, വില്ലേജ് അധികൃതർക്കും ജില്ലാ കളക്ടർക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകിയിരിക്കുകയാണ് നാട്ടുകാർ.
പ്രദേശവാസികൾ വെള്ളപ്പൊക്ക ഭീഷണിയിൽ
മഴക്കാലത്ത് മാവിള കടവിന്റെ സമീപപ്രദേശങ്ങളിൽ നിന്ന് ഈ കൈത്തോട് വഴിയാണ് കൊച്ചാറിലേക്ക് വെള്ളം ഒഴുകിപ്പോകുന്നത്. തോടിലൂടെയുള്ള നീരൊഴുക്ക് നിലയ്ക്കുന്നതോടെ പ്രദേശത്ത് വെള്ളം പൊങ്ങാൻ സാധ്യതയുണ്ട്. ഇതോടെ സ്ഥലവാസികൾ ഇവിടെ നിന്ന് ഒഴിഞ്ഞുപോകേണ്ട സ്ഥിതിയുണ്ടാകും.