തിരക്കൊഴിവാക്കാൻ വില പ്രദർശിപ്പിക്കും
ദിവസം മുഴുവൻ മത്സ്യത്തിന് ഒരേ വില
കൊല്ലം: ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ ജാഗ്രതാ കാലാവധി അവസാനിക്കും വരെ ലേലം ഒഴിവാക്കാൻ മന്ത്രി ജേ.മേഴ്സിക്കുട്ടിഅമ്മയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ ധാരണയായി. ബോട്ട് ഉടമകളുമായി ചർച്ച ചെയ്‌ത് ഫിഷറീസ് വകുപ്പ് മത്സ്യത്തിന്റെ വില നിശ്ചയിക്കും. ഇത് തുറമുഖങ്ങളിൽ പ്രദർശിപ്പിക്കും. ദിവസം മുഴുവൻ മത്സ്യത്തിന് ഒരേ വിലയായിരിക്കും. തിരക്ക് ഒഴിവാക്കുകയാണ് ലക്ഷ്യം.
പ്രധാന തീരുമാനങ്ങൾ
1. തിരക്കൊഴിവാക്കാൻ തദ്ദേശീയരായ ആരെയും ശക്തികുളങ്ങര, നീണ്ടകര മത്സ്യബന്ധന തുറമുഖങ്ങളിലേക്ക് കയറ്റിവിടില്ല
2. നീണ്ടകരയിലെ മാതൃക സംസ്ഥാനത്തുടനീളമുള്ള മത്സ്യബന്ധന തുറമുഖങ്ങളിൽ വ്യാപിപ്പിക്കും
3. വില നിശ്ചയിച്ച് പ്രദർശിപ്പിക്കുന്നതോടെ ലേല സമയത്ത് മത്സ്യം വാങ്ങാനുള്ള തിരക്ക് ഒഴിവാകും
4. മംഗലാപുരത്ത് നിന്ന് മത്സ്യം എത്തിച്ച് നീണ്ടകര മത്സ്യമെന്ന പേരിൽ ലേലം ചെയ്യുന്നത് അവസാനിപ്പിക്കും
5. പോർട്ട് കൊല്ലത്ത് പകലും വാടിയിൽ രാത്രിയിലുമാണ് മത്സ്യലേലം. രണ്ടിടത്തും നീണ്ടകര മാതൃക അവലംബിക്കും
6. പോർട്ട് കൊല്ലത്തും വാടിയിലുമായി നടക്കുന്ന മത്സ്യവിൽപ്പന കൊല്ലം തീരത്തെ അഞ്ച് കേന്ദ്രങ്ങളിലേക്ക് മാറ്റും. ചൊവ്വാഴ്ച മുതൽ ഇത് നടപ്പിൽ വരും. കേന്ദ്രങ്ങൾ സംബന്ധിച്ച് തിങ്കളാഴ്ച് അന്തിമ ധാരണയാകും
7. മത്സ്യബന്ധന തുറമുഖങ്ങളിലേക്ക് ഒരു വാഹനത്തിൽ ഒരാളെ മാത്രമേ കയറ്റിവിടുകയുള്ളൂ
8. സർക്കാർ ഓഫീസുകളിൽ നടപ്പാക്കിയ തൊഴിലാളി നിയന്ത്രണം കശുഅണ്ടി ഫാക്ടറികളിലും ഏർപ്പെടുത്തണം. പകുതി തൊഴിലാളികൾ മാത്രം ഒരു ദിവസം വന്നാൽ മതിയെന്ന് നിർദേശിക്കണം. ഒരു മീറ്റർ അകലത്തിലേ തൊഴിലാളികളെ ഇരുത്താവൂ. കൈ കഴുകാൻ ഹാൻഡ് വാഷ് കോർണറുകൾ വേണം.
9. കൊല്ലം നഗരസഭാ പരിധിയിലെ 5,000 ആട്ടോ റിക്ഷാ തൊഴിലാളികൾക്ക് നഗരസഭ മാസ്‌ക് നൽകും.
10. ജനതാ കർഫ്യൂ ശുചിത്വ ദിനമായി ആചരിക്കണം.