അഞ്ചൽ:അഞ്ചൽ ടൗണിൽ കോടികൾ വിലമതിക്കുന്ന ഗ്രാമപഞ്ചായത്തുവക സ്ഥലവും കെട്ടിടവും നാശത്തിന്റെ വക്കിൽ. അഞ്ചൽ മാർക്കറ്റ് ജംഗ്ഷനിൽ പഴയ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് നശിക്കുന്നത്. ഏതാനും വർഷം മുമ്പ് പൊലീസ് സ്റ്റേഷൻ അഞ്ചൽ കാളചന്തയ്ക്ക് സമീപം ഗ്രാമപഞ്ചായത്ത് വിട്ടുനൽകിയ സ്ഥലത്ത് നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. പകരം പൊലീസിന്റെ കൈവശമുണ്ടായിരുന്ന 20 സെന്റ് പുരയിടവും കെട്ടിടവും പഞ്ചായത്തിന് കൈമാറുകയായിരുന്നു. എന്നാൽ ഈ സ്ഥലം ഇന്ന് മാലിന്യനിക്ഷേപ കേന്ദ്രവും സാമൂഹ്യവിരുദ്ധരുടെ താവളവുമായി മാറി.
അഞ്ചൽ ചന്തയോട് ചേർന്ന ഈ വസ്തുവിന്റെ ചുറ്റുമതിൽ പലഭാഗങ്ങളിലും തകർന്നു. വസ്തുവും കെട്ടിടവും സംരക്ഷിക്കാൻ പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായിരുന്നില്ലെന്നാണ് പരാതി. ഇവിടെ പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് പല തവണ പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നുവെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. ഇവിടെ ബഹുനില ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുമെന്നാണ് പഞ്ചായത്ത് ഭരണ സമിതി പറഞ്ഞിരുന്നത്. ഷോപ്പിംഗ് കോംപ്ലക്സോ ഓഫീസ് സമുച്ചയമോ നിർമ്മിച്ചാൽ പഞ്ചായത്തിന് വരുമാനവും ലഭിക്കുമെന്നിരിക്കേ അധികൃതർ നിസംഗതയാണ് പുലർത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.