puthoor-bank
പുത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന മാസ്ക്ക് വിതരണം പുത്തൂർ എസ്.എ നിസാറുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: കൊറോണ വൈറസ് വ്യാപനം തടയാൻ പുനലൂർ റവന്യൂ ഡിവിഷനിൽ നിരീക്ഷണ സമിതികൾക്ക് രൂപം നൽകി. പുനലൂർ ആർ.ഡി.ഒ ബി. ശശികുമാറിന്റെ നേതൃത്വത്തിലാണ് സമിതികൾ രൂപീകരിച്ചത്. മൂന്ന് ദിവസം മുമ്പ് സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജു പുനലൂരിൽ വിളിച്ചുചേർത്ത വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗത്തിൽ റവന്യു ഡിവിഷൻ കേന്ദ്രീകരിച്ച് നിരീക്ഷണ സമിതികൾ രൂപീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു.

വൈറസ് ബാധിതരെയും വിദേശത്ത് നിന്ന് നാട്ടിൽ എത്തുന്നവരെയും നിരീക്ഷിക്കുകയാണ് സമിതിയുടെ പ്രധാനലക്ഷ്യം. വിവിധ താലൂക്കുകളിലെ തഹസീൽദാർമാർ, പുനലൂർ ഡി.വൈ.എസ്.പി, നഗരസഭ സെക്രട്ടറിമാർ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസർമാർ , പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട്, അഞ്ചൽ പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ തുടങ്ങിയവരെയാണ് വിവര ശേഖരണങ്ങൾക്ക് ചുമലതപ്പെടുത്തിയിട്ടുളളത്. ത്രിതല പഞ്ചായത്തിലെ അംഗങ്ങളുടെ നേതൃത്വത്തിലുളള നിരീക്ഷണസംഘം നൽകുന്ന വിവരങ്ങൾ നിരീക്ഷണ കമ്മിറ്റി പരിശോധിച്ച്, ഐസൊലേഷനിലുളള ആൾക്കാരുടെ വിവരങ്ങൾകൂടി ഉൾപ്പെടുത്തി അതത് തഹസീൽദാർമാരെ ഏൽപ്പിക്കണം. ഈ വിവരം എല്ലാ ദിവസവും ഉച്ചയ്ക്ക് 2.30ന് മുമ്പ് ഇ മെയിൽവഴി ആർ.ഡി.ഒയ്ക്ക് നൽകണം.

കൺട്രോൾ റൂം തുറന്നു

ആർ.ഡി.ഓയുടെ നിർദ്ദേശപ്രകാരം പുനലൂർ താലൂക്ക് ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. കൊറോണ സംബന്ധിച്ച വിവരങ്ങൾ 0475-2222605 എന്ന നമ്പരിൽ അറിയിക്കണം.

ഐസൊലേഷൻ വാർഡുകളും

റവന്യൂ ഡിവിഷനിൽ 449 പേർക്ക് കിടക്കാൻ സൗകര്യമുള്ള ഐസൊലേഷൻ വാർഡ് സജ്ജമാക്കും. ഇതിനായി റവന്യു ഡിവിഷനിലെ 9 കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുനലൂർ ഷൺമുഖവിലാസം ആശുപത്രി, അഞ്ചൽ മെറ്റേണിറ്റി ആശുപത്രി, പുനലൂർ ജയഭാരതം മെന്റൽ ആശുപത്രി, വിളക്കുടി ലിറ്റിൽ ഫ്ലവർ ആശുപത്രി എന്നിവയ്ക്ക് പുറമെ, പട്ടാഴി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം, കടയ്ക്കൽ ടൗൺ ഹാൾ, മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഹാൾ, വാലുപച്ച ശിശുമന്ദിരം, കൊട്ടാരക്കര സത്യസായി സ്കൂൾ ഒഫ് നഴ്സിംഗ് തുടങ്ങിയവയാണ് ഐസൊലേഷൻ സെന്ററുകളായി പ്രവർത്തിപ്പിക്കുന്നത്.

മതനേതാക്കളുടെ യോഗം

പുനലൂർ താലൂക്കിലെ വിവിധ മതമേലക്ഷ്യന്മാരുടെ യോഗം തഹസിൽദാരുടെ ചേംബറിൽ ചേർന്നു. മതപരമായ ചടങ്ങുകളിലും പ്രാർത്ഥനകളിലും 15 പേരിൽ കൂടരുത്. മതപരമായ ചടങ്ങുകൾ ആൾക്കൂട്ടം ഒഴിവാക്കി ആചാരപരമായ ചടങ്ങുകളിൽ ഒതുക്കണം തുടങ്ങിയ കാര്യങ്ങൾ തഹസിൽദാർ അറിയിച്ചു.

വിവാഹങ്ങൾ പോലുളള ചടങ്ങുകൾ പരമാവധി മാറ്റിവയ്ക്കാൻ ശ്രമിക്കുകയോ ആളുകൾ ഒത്തുചേരാനുളള സാഹചര്യം ഒഴിവാക്കി നടത്താൻ ശ്രമിക്കുകയോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.