kunnathur

കുന്നത്തൂർ: കൊറോണ വൈറസ് ഭീതി വർദ്ധിച്ചതോടെ ജനം അതീവ ജാഗ്രതയിൽ. ആളും ആരവവും ഒഴിഞ്ഞ തെരുവുകളും നാട്ടിൻപുറങ്ങളും മഹാമാരിയെ ചെറുക്കാനുള്ള മുൻ കരുതലിലാണ്. കുന്നത്തൂർ താലൂക്കിന്റെ കേന്ദ്രമായ ഭരണിക്കാവ് ടൗണിൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം മന്ദഗതിയിലാണ്. ചക്കുവള്ളി, ശൂരനാട്,ആനയടി, കാരാളിമുക്ക്, മൈനാഗപ്പള്ളി, ശാസ്താംകോട്ട, സിനിമാപറമ്പ്, ശാസ്താംനട, കുന്നത്തൂർ തുടങ്ങിയ ടൗണുകളിലെ അവസ്ഥയും വ്യത്യസ്ഥമല്ല. ബാങ്ക് വായ്പയെടുത്തും മറ്റും തുടങ്ങിയ സ്ഥാപനങ്ങളിൽ മിക്കവയും അടച്ചുപൂട്ടൽ ഭീഷണിയിലാണ്.

ഓട്ടോ, ടാക്സി, മിനി ബസ്, ടൂറിസ്റ്റ് മേഖലകളിലും പ്രതിസന്ധി രൂക്ഷമായിരിക്കയാണ്. ഇതിനാൽ ആയിരക്കണക്കിന് കുടുംബങ്ങളാണ് പട്ടിണിയിലായിരിക്കുന്നത്. കൊറോണയ്ക്കൊപ്പം പക്ഷിപ്പനി കൂടി റിപ്പോർട്ട് ചെയ്തതോടെ ഹോട്ടലുകളിൽ തിരക്ക് കുറവാണ്. പല കടകളിൽ നിന്നും ജീവനക്കാരെ ഒഴിവാക്കാനും ഉടമകൾ തുടങ്ങിയിട്ടുണ്ട്. ഓൺലൈൻ ഫുഡ് വിതരണവും പ്രതിസന്ധിയിലാണ്. മെഡിക്കൽ സ്‌റ്റോറുകൾ,സൂപ്പർ മാർക്കറ്റുകൾ,പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിൽ മാത്രമാണ് ഒരുവിധം തിരക്കുള്ളത്. ഓട്ടോ സ്റ്റാൻഡുകളിൽ മണിക്കൂറുകളോളം കിടന്നാലും ഓട്ടം ലഭിക്കാറില്ലെന്ന് ഡ്രൈവർമാർ പറയുന്നു. സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകളിൽ ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള കളക്ഷൻ പോലും പ്രതിദിനം ലഭിക്കുന്നില്ല. പല റൂട്ടുകളിലും നിരവധി സ്വകാര്യ ബസുകൾ സർവീസ് നിറുത്തിവച്ചിരിക്കയാണ്.

ഇന്ന് ജനതാ കർഫ്യൂ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്നലെ സൂപ്പർ മാർക്കറ്റുകളിലും മദ്യവില്പന കേന്ദ്രങ്ങളിലും വൻതിരക്കാണ് അനുഭവപ്പെട്ടത്. സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ വഴി സൗജന്യമായി സാധനങ്ങൾ വിതരണം ചെയ്യുന്നുവെന്ന വ്യാജ പ്രചരണത്തെ തുടർന്ന് കാർഡുകളുമായി നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നത്. ഇന്ന് ബാറുകളും മദ്യവില്പനശാലകളും തുറക്കില്ലെന്ന സർക്കാർ ഉത്തരവിനെ തുടർന്ന് ഇവിടെയും തിരക്ക് അനിയന്ത്രിതമായിരുന്നു. വൈകിട്ടോടെ തിരക്ക് സംഘർഷാവസ്ഥയിലേക്ക് കടക്കുകയും പൊലീസ് ഇടപെടേണ്ട അവസ്ഥ ഉണ്ടാകുകയും ചെയ്തു. കുറഞ്ഞ വിലയ്ക്ക് മദ്യം ശേഖരിച്ച ശേഷം കൂടിയ വിലയ്ക്ക് വിൽക്കുന്നവരും ഏറെയായിരുന്നു.