pho

പുനലൂർ: കൊറോണ പരിശോധനയുടെ പേരിൽ വാഹന യാത്രക്കാരെ അതിർത്തിയിൽ തടഞ്ഞ തമിഴ്നാട് എ.എസ്.പിയും വിവരം അറിഞ്ഞെത്തിയ ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റും തമ്മിൽ നറുറോഡിൽ വാക്കേറ്റവും ഉന്തും തള്ളും.

കൊല്ലം - തിരുമംഗലം ദേശീയപാത കടന്നുപോകുന്ന തമിഴ്നാട് അതിർത്തിയിലെ കോട്ടവാസലിൽ ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് വന്ന എല്ലാ വാഹനങ്ങളും കോട്ടവാസലിൽ തമിഴ്നാട് പൊലീസ് തടഞ്ഞു. പുളിയറ പൊലീസ് ചെക്ക്പോസ്റ്റിൽ പരിശോധന നടത്തിവന്ന സംയുക്ത സംഘമാണ് കോട്ടവാസലിൽ വാഹനങ്ങൾ തടഞ്ഞത്. വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങി നടന്നുപോയവരെയും പൊലീസ് തടഞ്ഞു. ഇതറിഞ്ഞാണ് പഞ്ചായത്ത് പ്രസിഡന്റ് എത്തിയത്.

തർക്കത്തിനിടെ എ.എസ്.പി പഞ്ചായത്ത് പ്രസിഡന്റിനെ പിടിച്ച് തള്ളുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. സംഭവം കണ്ട മറ്റ് പൊലീസുകാരും ഉദ്യോഗസ്ഥരും യാത്രക്കാരും ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിച്ചു. ഇന്നലെ ഉച്ചക്ക് ഒന്ന് മുതലാണ് വാഹനങ്ങൾ തടഞ്ഞത്. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള ഒരുവാഹനവും പുളിയറ ചെക്ക് പോസ്റ്റ് വഴി കടത്തിവിട്ടില്ല. എന്നാൽ വൈകിട്ട് 4 ഓടെ തമിഴ്നാട്ടിൽ നിന്ന് പച്ചക്കറികളും പാലും കയറ്റാനെത്തിയ വാഹനങ്ങൾ തമിഴ്നാട് പൊലീസ് കടത്തിവിടുകയും ചെയ്തു.

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങൾ ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിൽ കർശന പരിശോധനകൾക്ക് ശേഷം കടത്തിവിടുന്നുണ്ട്. പുനലൂർ, ആര്യങ്കാവ് തുടങ്ങിയ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോകളിൽ നിന്നുള്ള അന്തർ സംസ്ഥാന ബസുകൾ തമിഴ്നാട്ടിലേക്ക് ചെല്ലരുതെന്ന് കാണിച്ച് തമിഴ്നാട് കത്ത് നൽകിയിരുന്നു. ഇത് കണക്കിലെടുത്ത് ഇന്നലെ മുതൽ തമിഴ്നാട്ടിലേക്കുള്ള ബസ് സർവീസും നിറുത്തി.