ബസ് ഡ്രൈവർ വീട്ടിൽ നിരീക്ഷണത്തിൽ
പുനലൂർ: വിവാഹിതരാകാൻ ബംഗളൂരുവിൽ നിന്ന് പുനലൂരിൽ എത്തിയ ബന്ധുക്കളായ 19 പേരെ പുനലൂർ പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും ചേർന്ന് മടക്കി അയച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം പുനലൂരിലെ ഒരു പ്രമുഖ ലോഡ്ജിൽ എത്തിയ വരൻ അക്കമുള്ളവരെയാണ് വന്ന വാഹനത്തിൽ തിരിച്ചയച്ചത്.
പട്ടാഴി വടക്കേക്കര മാരൂർ സ്വദേശിനിയും ബംഗളൂരുവിൽ സ്ഥിരതാമസവുമായ പെൺകുട്ടിയുടെ വിവാഹം ഇന്ന് പുനലൂരിലെ ഒരു ആഡിറ്റോറിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്നു. ബംഗളൂരു സ്വദേശിയായ വരനും ബന്ധുക്കളും ട്രെയിൻ മാർഗം ഇന്നലെ രാവിലെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. പിന്നിട് ഒരു മിനിവാൻ വാടകയ്ക്ക് വിളിച്ച് ഉച്ചയോടെ പുനലൂരിൽ എത്തി.
ടൗണിലെ ലോഡ്‌ജിൽ മുറിയെടുത്ത ഇവരെ കണ്ട് പുനലൂർ പൊലീസ് സ്ഥലത്തെത്തി വിരങ്ങൾ അന്വേഷിച്ചു. ഇന്ന് വിവാഹത്തിന് ശേഷമേ മടങ്ങൂ എന്ന നിലപാടിയിലായിരുന്നു ഇവർ. പിന്നീട് പുനലൂർ ആർ.ഡി.ഒ ബി.ശശികുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഹിർഷാ തുടങ്ങിയവരും സ്ഥലത്തെത്തി. ആഡിറ്റോറിയം ഉടമയെ കണ്ട് വിവാഹം ഒഴുവാക്കണമെന്ന് ആർ.ഡി.ഒ ആവശ്യപ്പെട്ടു. ആഡിറ്റോറിയം നൽകില്ലെന്ന് ഉടമ വിവാഹ പാർട്ടിയെ ധരിപ്പിച്ചതിനെ തുടർന്ന് ഇവർ വന്ന വാഹനത്തിൽ തന്നെ കൊല്ലത്തേക്ക് മടങ്ങി. എന്നാൽ കൊല്ലം സ്വദേശിയായ ബസ് ഡ്രൈവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയാണെന്ന് അധികൃതർ അറിയിച്ചു.