bypass

 നിശബ്ദമായി തെരുവുകൾ

 വീടുകളിൽ ശുചീകരണവുമായി ജനങ്ങൾ

കൊല്ലം: മഹാമാരിയെ ചെറുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിനൊപ്പം ചേർന്ന് കൊല്ലവും. കർഫ്യൂവിൽ ജില്ലയുടെ സമസ്ത മേഖലകളും നിശ്ചലമായി. കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകൾക്കൊപ്പം മഹാഭൂരിപക്ഷം ട്രെയിനുകളും സർവീസ് മുടക്കി. ആട്ടോ റിക്ഷകൾ, ടാക്സികൾ, സമാന്തര സർവീസുകൾ എന്നിവയും നിരത്തിലിറങ്ങിയില്ല.

അപൂർവമായി ഇരുചക്ര വാഹനങ്ങൾ പോയതല്ലാതെ നിരത്തുകൾ ശാന്തമായിരുന്നു. ദീർഘ ദൂര ട്രെയിനുകളിൽ ചിലത് സർവീസ് നടത്തിയതിനാൽ അതിൽ വന്നവരെ കൊണ്ടുപോകാനായി വന്ന വാഹനങ്ങൾ മാത്രമാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നത്. ഹർത്താൽ ദിനങ്ങളിൽ സ്വകാര്യ വാഹനങ്ങൾ കൂടുതലായി നിരത്തിൽ ഉണ്ടാകാറുണ്ടെങ്കിലും ഇന്നലെ അടിയന്തര ആവശ്യങ്ങൾക്ക് അല്ലാതെ ജനങ്ങൾ വാഹനങ്ങളുമായി പുറത്ത് ഇറങ്ങിയില്ല.

പെട്രോൾ പമ്പുകൾ പൂർണമായും അടഞ്ഞുകിടന്നു. ചിലയിടങ്ങളിൽ പുലർച്ചെ തട്ടുകടകൾ പ്രവർത്തിച്ചെങ്കിലും ഏഴോടെ അടച്ചു. ഏഴ് മുതൽ രാത്രി ഒൻപത് വരെ വീടിന് പുറത്ത് ഇറങ്ങരുത് എന്നായിരുന്നു നിർദേശമെങ്കിലും തട്ടുകടകൾ ഉൾപ്പെടെയുള്ള വ്യാപാര കേന്ദ്രങ്ങളിൽ മിക്കതും നേരത്തെ തന്നെ അടച്ചിരുന്നു. വ്യാപാര ശാലകൾ, ബേക്കറികൾ, ഭക്ഷണ ശാലകൾ, മദ്യ ശാലകൾ, ബാറുകൾ എന്നിവയും പ്രവർത്തിച്ചില്ല. കർഫ്യൂ ജില്ലയ്ക്ക് ആദ്യ അനുഭവം ആയിരുന്നെങ്കിലും കൊറോണയെ ചെറുക്കണമെന്ന സ്വയം ബോദ്ധ്യത്തിൽ ജനങ്ങൾ പൂർണമായും അതിനെ ഉൾക്കൊണ്ട കാഴ്ചയാണ് ഇന്നലെ ജില്ലയിലുടനീളം പ്രകടമായത്.

ജനം വീട്ടിലിരുന്നു, പരിസരം വൃത്തിയാക്കി

വീട്ടിലെ അംഗങ്ങൾക്ക് എല്ലാം ഒരുമിച്ചിരിക്കാൻ കിട്ടിയ അവസരം കൂടിയായിരുന്നു കർഫ്യൂ ദിനം. പ്രധാനമന്ത്രി പറഞ്ഞത് അനുസരിച്ചുർ് പുറത്ത് പോകാതെ ഇരുന്നവർ, മുഖ്യമന്ത്രിയുടെ നിർദേശം ഉൾക്കൊണ്ട്‌ വീടും പരിസരവും വൃത്തിയാക്കി. മിക്ക കുടുംബങ്ങളിലും ശുചീകരണ ദിനമായിരുന്നു ഇന്നലെ. വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുക മാത്രമല്ല, വീട്ട് പുരയിടങ്ങളിൽ മഴക്കാല പൂർവ ശുചീകര മുന്നൊരുക്കം തന്നെ നടത്താനായി.

ആളൊഴിഞ്ഞ് ഹാർബറുകൾ

ജില്ലയുടെ പ്രധാന വരുമാന സ്രോതസായ നീണ്ടകര, ശക്തികുളങ്ങര തുറമുഖങ്ങൾ ഇന്നലെ ശൂന്യമായിരുന്നു. രണ്ടും മൂന്നും ദിവസം കടലിൽ തങ്ങുന്ന ബോട്ടുകൾ ശനിയാഴ്ച രാത്രി കടലിൽ പോയെങ്കിലും ഇന്നലെ മത്സ്യവുമായി ബോട്ടുകൾ തുറമുഖത്ത് കൂടുതൽ അടുത്തില്ല. ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ് തുറമുഖങ്ങൾ.

സർക്കാർ സംവിധാനങ്ങൾ വിളിപ്പുറത്ത്

അടിയന്തര വൈദ്യ സഹായം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പൊലീസ്, ആരോഗ്യ വകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ വിളിപ്പുറത്ത് ഉണ്ടായിരുന്നു. ആശുപത്രിയിൽ പോകാൻ പല ഇടങ്ങളിലും വാഹനം ലഭിക്കാത്തവരെ പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമാണ് സഹായിച്ചത്.