വെറുതെ നൽകിയത് 2,85,664 രൂപ
കൊല്ലം: കോഴിക്കോട് ആസ്ഥാനമായുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നഗരസഭ ചെയ്യാത്ത ജോലിക്കും ലക്ഷങ്ങൾ കൂലി നൽകി. നഗരസഭാ ഓഫീസ് ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ഊരാളുങ്കലിൽ നിന്ന് വാങ്ങിയ കമ്പ്യൂട്ടറുകൾ നഗരസഭയിലെ ഐ.ടി വിഭാഗം ജീവനക്കാരാണ് സ്ഥാപിച്ചത്. എന്നാൽ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും സ്ഥാപിച്ചതിനുള്ള കൂലിയെന്ന പേരിൽ മൂന്ന് ഘട്ടങ്ങളായി 2,85,664 രൂപ ഊരാളുങ്കലിന് നൽകുകയായിരുന്നു.
ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങുമ്പോൾ വിതരണക്കാരോ നിർമ്മാതാക്കളോയെത്തി സ്ഥാപിക്കുന്നതാണ് പതിവ്. ഇതിന് പ്രത്യേകം കൂലി നൽകേണ്ടതില്ല. 155 കമ്പ്യൂട്ടർ, 38 പ്രിന്റർ 9 സ്കാനർ എന്നിവയടക്കം 1.27 കോടി രൂപയുടെ ഉപകരണങ്ങളാണ് നഗരസഭ ടെണ്ടറില്ലാതെ ഊരാളുങ്കലിൽ നിന്ന് വാങ്ങിയത്. സർക്കാർ സ്ഥാപനങ്ങൾ ഐ.ടി ഉപകരണങ്ങൾ സംസ്ഥാനത്തെ സർക്കാരിന്റെ സി.പി.ആർ.സി.എസ് എന്ന പേർട്ടൽ വഴി വാങ്ങണമെന്നാണ് ചട്ടം. വാങ്ങുന്ന ഉപകരണങ്ങളുടെ ഗുണമേന്മയും വിലക്കുറവും ഉറപ്പാക്കാനാണ് സർക്കാർ പോർട്ടൽ ആരംഭിച്ചത്. ഈ പോർട്ടലിലെ വിലയേക്കാൾ കൂടുതൽ നൽകി ഐ.ടി ഉപകരണങ്ങൾ വാങ്ങിയാൽ ഉത്തരാവാദികളിൽ നിന്ന് പണം തിരിച്ചുപിടിക്കമെന്നും ചട്ടമുണ്ട്. വിലയ്ക്കൊപ്പം ഊരാളുങ്കലിന് നൽകിയ സ്ഥാപിക്കൽ കൂലി കൂടിയാകുമ്പോൾ ഓരോ ഉപകരണത്തിനും സി.പി.ആർ.സി.എസ് പോർട്ടലിൽ ഉള്ളതിനേക്കാൾ കൂടുതൽ തുക ചെലവായിട്ടുണ്ട്.
സ്ഥാപിക്കൽ കൂലി പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ ഉൾപ്പെട്ടിട്ടില്ല. ഊരാളുങ്കൽ ആദ്യഘട്ട ഉപകരണങ്ങൾ എത്തിച്ചപ്പോൾ തന്നെ സ്ഥാപിക്കൽ തങ്ങളുടെ ജോലിയാണെന്ന് പറഞ്ഞ് നഗരസഭയിലെ ഐ.ടി വിഭാഗം ജീവനക്കാർ ഏറ്റെടുത്തിരുന്നു. പിന്നീടെത്തിച്ച ഉപകരണങ്ങളും ആരാണ് സ്ഥാപിച്ചതെന്നും പോലും അന്വേഷിക്കാതെ നഗരസഭാ അധികൃതർ ഊരാളുങ്കലിന് പണം നൽകുകയായിരുന്നു.