വിദേശത്തുനിന്ന് വന്നവർക്കാണ് യാത്രാനുമതി നിഷേധിച്ചത്
കൊല്ലം: വിദേശത്ത് നിന്ന് തിരുവനന്തപുരം വിമാനത്താവളം വഴിയെത്തിയ തമിഴ്നാട് സ്വദേശികളെ ആര്യങ്കാവ് ചെക്‌പോസ്റ്റിൽ തമിഴ്നാട് പൊലീസ് തടഞ്ഞു. സ്വകാര്യ വാഹനങ്ങൾ കടത്തി വിടേണ്ടതില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് എടുത്ത നിലപാട് മണിക്കൂറുകളോളം മൂന്നു കുടുംബങ്ങളെ വലച്ചു. ഇന്നലെ രാവിലെയാണ് തെങ്കാശി, തിരുനെൽവേലി സ്വദേശികൾ വിമാനത്താവളത്തിൽ നിന്ന് വാഹങ്ങളിൽ വീടുകളിലേക്ക് പോകാൻ ചെക്ക് പോസ്റ്റിലെത്തിയത്. ഗൃഹ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശം ഉള്ളതിനാൽ വീടുകളിലേക്ക് പോകാൻ അനുവദിക്കണമെന്ന് കുടുംബം അഭ്യർത്ഥിച്ചെങ്കിലും തമിഴ്നാട് പൊലീസ് കൂട്ടാക്കിയിക്കില്ല. പുനലൂരിൽ ഇവരെ ഐസൊലേറ്റ് ചെയ്യാൻ സൗകര്യം ഒരുക്കാമെന്ന് കൊട്ടാരക്കര റൂറൽ പൊലീസ് അറിയിച്ചെങ്കിലും സ്വന്തം വീടുകളിലേക്ക് പോകാനായിരുന്നു ഇവർക്ക് താല്പര്യം. ഒടുവിൽ കൊട്ടാരക്കര റൂറൽ എസ്.പി ഹരിശങ്കർ തമിഴ്നാട് പൊലീസുമായി ചർച്ച നടത്തി ഉച്ചയോടെയാണ് കുടുംബങ്ങൾക്ക് പോകാൻ അവസരം ഒരുക്കിയത്.